
തൃശൂർ: നവകേരള സദസ് കോൺഗ്രസ് ബഹിഷ്‌കരിക്കുമ്പോഴും അവരുടെ നേതാക്കൾ സദസുകളിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാവറട്ടി സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് മണലൂർ മണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നാടിനായുള്ള പരിപാടിയാണിത്. അതെന്തിനാണ് അവർ ബഹിഷ്‌കരിക്കുന്നതെന്ന് വ്യക്തമാക്കുന്നില്ല. മന്ത്രിസഭയോട് പറയാനുള്ള കാര്യങ്ങൾ പറയുകയല്ലേ വേണ്ടത്?, അവർക്ക് വിമർശിക്കാം. പക്ഷേ, വിമർശനത്തിന് മറുപടി പറയുമ്പോൾ അത് കേൾക്കേണ്ടി വരും. . കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാവായ എ.വി.ഗോപിനാഥൻ പാലക്കാട് പ്രഭാത സദസിൽ പങ്കെടുത്തു. അദ്ദേഹത്തെ പാർട്ടി സസ്‌പെൻഡ് ചെയ്തതായാണ് വാർത്ത. മന്ത്രിസഭ ആകെ വരുമ്പോൾ ബഹിഷ്‌കരിക്കുന്നത് എന്തിനാണെന്ന് മനസിലായില്ലെന്നാണ് ഗോപിനാഥൻ പറയുന്നത്. പാലക്കാട്ടെ എം.എൽ.എയ്ക്ക് സദസിൽ പങ്കെടുക്കാമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
തൃശൂരിലെ പ്രഭാത സദസിൽ കോൺഗ്രസുകാരനായ ഇ.കെ.ദിവാകരൻ പങ്കെടുത്തു. അദ്ദേഹം പറഞ്ഞത് താൻ കോൺഗ്രസുകാരനാണ്, നടപടിയെടുക്കണമെങ്കിൽ എടുക്കട്ടെയെന്നാണ്. സർക്കാർ എന്താണ് പറയുന്നതെന്ന് കേൾക്കാനാണ് താൻ വന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാട് എവിടെയാണ് എത്തിനിൽക്കുന്നതെന്നും ഇനി എങ്ങനെ മുന്നോട്ടു പോകണമെന്ന ആശയ രൂപീകരണവുമാണ് നവകേരളസദസിൽ നടക്കുന്നത്. രാഷ്ട്രീയ ഭേദമന്യേ ഏവരും ഇതിനെ സ്വീകരിക്കുമെന്നാണ് കരുതിയത്. പക്ഷേ പ്രതിപക്ഷം തെറ്റായ മനോഭാവത്തോടെ ബഹിഷ്‌കരിച്ചു. അധിക്ഷേപങ്ങൾ ഉന്നയിച്ചു. ജനം ആരുടെയും ആജ്ഞാനുവർത്തികളല്ലെന്ന കാഴ്ചയാണ് ഓരോ മണ്ഡലങ്ങളിലും കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. .