1

പാവറട്ടി: മണലൂർ നിയോജക മണ്ഡലം നവകേരള സദസിനായി പാവറട്ടിയിലെ സെന്റ് ജോസഫ് സ്‌കൂളിലെത്തിയത് ആയിരങ്ങൾ. വാടാനപ്പിള്ളിയിലെ ആശാ വർക്കർമാരുടെ കൈകൊട്ടിക്കളിയിൽ നിന്ന് തുടങ്ങി കലാമണ്ഡലം ഉണ്ണിമായ അവതരിപ്പിച്ച നൃത്താവിഷ്‌കാരം, മണലൂർ ഗോപിനാഥ് അവതരിപ്പിച്ച ഓട്ടൻ തുള്ളൽ, ഇടശ്ശേരിയുടെ പൂതപ്പാട്ടിനെ ഓർമ്മിപ്പിച്ച് ചടുലഭാവത്തോടെ അഭിഷേക് അവതരിപ്പിച്ച നൃത്താവിഷ്‌കാരം, ഗോപാലകൃഷ്ണൻ അവതരിപ്പിച്ച വയലാറിന്റെ മരണമില്ല എന്ന കവിത തുടങ്ങി തൃശൂരിന്റെ സാംസ്‌കാരിക പൈതൃകത്തെ വിളിച്ചോതുന്ന കലാപരിപാടികൾ നവകേരള സദസിനെ ഹൃദ്യമാക്കി.
ശിൽപ്പ കലാകാരനായ രഞ്ജൻ എളവള്ളി മരത്തിൽ കൊത്തി തയാറാക്കിയ മുഖ്യമന്ത്രിയുടെ ശിൽപ്പം വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു. 488 പ്രാവശ്യം പിണറായി വിജയൻ എന്നെഴുതി കലാകാരി സഫാന തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ ചിത്രവും സമ്മാനമായി മുഖ്യമന്ത്രിക്ക് നൽകി. ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കാൻവാസിൽ വരച്ച് തയ്യാറാക്കിയ ഛായാചിത്രങ്ങൾ ഓരോ മന്ത്രിമാർക്കും മണലൂരിന്റെ ഉപഹാരമായി നൽകി. മണ്ഡലത്തിൽ നിന്നും ആകെ 4123 നിവേദനങ്ങൾ ലഭിച്ചു. നിവേദനങ്ങൾ സ്വീകരിക്കാൻ 25 കൗണ്ടറുകൾ വേദിയിൽ സജ്ജമാക്കിയിരുന്നു.