coun

കുന്നംകുളം: എൽ.ഡി.എഫ് ഭരണത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസ് വിമത അംഗം ബില്ല് പാസാക്കാത്തതിന് നഗരസഭാ ചെയർപേഴ്‌സണിനെതിരെ രംഗത്ത്. വിമത അംഗത്തിന്റെ പരാമർശം ഏറ്റുപിടിച്ച് വിമർശനവുമായി കോൺഗ്രസ് അംഗങ്ങളും. നഗരസഭാ കൗൺസിൽ യോഗത്തിലാണ് നാടകീയമായ രംഗങ്ങളാൽ സംഭവബഹുലമായത്. ചെയർപേഴ്‌സൺ മുൻകൂർ അനുമതി നൽകിയിട്ടും നാലുമാസമായി ബില്ല് പിടിച്ചുവയ്ക്കുന്ന ഉദ്യോഗസ്ഥന്മാരുടെ രീതി അവസാനിപ്പിക്കാൻ ഇടപെടണമെന്നും ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ശ്രദ്ധക്കുറവ് കാണിക്കുന്നതായും സോമശേഖരൻ കുറ്റപ്പെടുത്തി.

ജവഹർ സ്‌ക്വയർ ബിൽഡിംഗിൽ വൈദ്യുതി പാനൽ ബോർഡ് തകരാറിലായത് മാറ്റുന്നതിന് ചെയർപേഴ്‌സൺ മുൻകൂർ അനുമതി നൽകിയ തുക നാല് മാസം കഴിഞ്ഞ ശേഷം അജണ്ടയിൽ വന്നതാണ് ചർച്ചയ്ക്ക് ഇടയാക്കിയത്. 50,000 രൂപയ്ക്ക് താഴെയുള്ള ബില്ലുകൾ അതാത് സ്റ്റാൻഡിംഗ് കമ്മിറ്റികൾ പാസാക്കണമെന്നും ഭരണപരമായ കാര്യങ്ങളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരാണ് ശ്രദ്ധ പുലർത്തേണ്ടതെന്നും ചെയർപേഴ്‌സൺ സീത രവീന്ദ്രൻ തിരിച്ചടിച്ചു. ബില്ല് തയ്യാറാക്കിയ ഉദ്യോഗസ്ഥൻ രണ്ട് മാസമായി അവധിയിലായിരുന്നു. അതാണ് അജണ്ട കൗൺസിലിലേക്ക് വരാൻ താമസിച്ചതെന്നും സെക്രട്ടറി വിശദീകരിച്ചു. ഭരണപക്ഷത്ത് പ്രതിപക്ഷ ശബ്ദം ഉയർന്നു വന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നഗരസഭ ബസ് ടെർമിനൽ ഷോപ്പിംഗ് കോംപ്ലക്‌സ് വൈദ്യുതീകരണത്തിനും ലിഫ്റ്റ് സ്ഥാപിക്കാനും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 66 ലക്ഷം രൂപ അനുവദിച്ചത് കൗൺസിൽ യോഗം അംഗീകരിച്ചു. തെരുവു കച്ചവടം നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതായും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.സോമശേഖരൻ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് പഠിച്ചശേഷം അജണ്ട വെച്ച് ചർച്ച ചെയ്യുമെന്ന് ചെയർപേഴ്‌സൺ വ്യക്തമാക്കി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ സജീഷ്, കൗൺസിലർമാരായ വി.കെ.സുനിൽകുമാർ, ബിജു സി.ബേബി, ബീന രവി, കെ.കെ.മുരളി തുടങ്ങിയവരും പങ്കെടുത്തു.