sadass

തൃപ്രയാർ: നാട്ടിക നിയോജകമണ്ഡലം നവകേരള സദസിന്റെ വേദി മണിക്കൂറുകൾക്കു മുൻപേ തിങ്ങിനിറഞ്ഞു. ഒന്നര മണിക്കൂർ വൈകിയായിരുന്നു മുഖ്യമന്ത്രിയുടെ വരവ്. തിങ്ങിനിറഞ്ഞ ജനാവലി ജനകീയ മന്ത്രിസഭയെ ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. നവകേരള സദസിനെ ജനം നെഞ്ചേറ്റിയതായി മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

നല്ല യശസ്സ് നേടിയ നാടാണ് കേരളം. ഒരുപാട് പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. പക്ഷെ 2011 മുതൽ 16 വരെയുള്ള കാലം ശപിക്കപ്പെട്ടതായിരുന്നു. യു.ഡി.എഫിന്റെ ഭരണത്തിൽ എല്ലാ മേഖലയും തകർന്നു. ഒരു വികസന പദ്ധതിയും നടന്നില്ല. പദ്ധതി നടപ്പാക്കാൻ വന്നവരൊക്കെ ഉപേക്ഷിച്ചു പോയി. 2016ൽ എൽ.ഡി.എഫ് വന്നു. കൂടുതൽ കാര്യങ്ങൾ നടപ്പാക്കി. സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും വികസന പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അർഹമായത് നിഷേധിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്. കേന്ദ്രത്തിന്റെ വിവേചനപരമായ നിലപാടിനെ യു.ഡി.എഫ് എതിർക്കാൻ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യോഗത്തിൽ സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. മന്ത്രിമാരായ ഡോ. ആർ. ബിന്ദു, ആന്റണി രാജു, സജി ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.

മുൻ മന്ത്രിമാരായ കെ.പി. രാജേന്ദ്രൻ, വി.എസ്. സുനിൽകുമാർ, മുൻ എം.എൽ.എ ഗീത ഗോപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, കളക്ടർ വി.ആർ. കൃഷ്ണതേജ, റൂറൽ പൊലീസ് സൂപ്രണ്ട് നവനീത് ശർമ്മ തുടങ്ങിയവർ സംബന്ധിച്ചു. സംഘാടകസമിതി കൺവീനർ ജില്ലാ സപ്ലൈ ഓഫീസർ പി.ആർ. ജയചന്ദ്രൻ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസർ ടി.കെ. ഷാജി നന്ദിയും പറഞ്ഞു.

സദസിനു മുന്നോടിയായി ധ്വനി മ്യൂസിക്ക് ബാന്റിന്റെ ഫ്യൂഷൻ അവതരണം, ഗോപികാ നന്ദന അവതരിപ്പിച്ച നൃത്താവിഷ്‌കാരം എന്നിവയുണ്ടായി. ഉച്ചയ്ക്ക് രണ്ടിന് മേളകുലപതി പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം അരങ്ങേറി. 4500 ലേറെ പരാതികൾ വൈകീട്ട് 4 മണി വരെ ലഭിച്ചു.

ദേശീയപാതയ്ക്ക് ആവശ്യമായ ഭൂമി എറ്റെടുത്തു നടപ്പാക്കുന്നതിൽ ഉൾപ്പെടെ സർക്കാർ സ്വീകരിച്ച നിലപാടുകൾ മാതൃകാപരമാണ്. അതിന്റെ തെളിവാണ് നാട്ടികയിലെ ജനസാഗരം.

- പിണറായി വിജയൻ, മുഖ്യമന്ത്രി