navakerala

ചാലക്കുടി: നവ കേരള സദസിന്റെ സംഘാടനത്തോട് അനുബന്ധിച്ച് ചാലക്കുടി ആഘോഷ തിമിർപ്പിലായി. നഗരം അരങ്ങും കൊടി തോരണങ്ങളാലും നിറഞ്ഞു. കട്ടൗട്ടുകളും ഫ്‌ളക്‌സ് ബോർഡും വിവിധയിടങ്ങളിൽ സ്ഥാനം പിടിച്ചു. കലാകാരന്മാർ ഒരുക്കിയ നവചിത്ര സദസും ആഘോഷത്തിന് മാറ്റുകൂട്ടി.

ഇവർ വരച്ച ചിത്രങ്ങൾ സൗത്ത് മേൽപ്പാലത്തിന് ചുറ്റും സ്ഥാനം പിടിച്ചു. സംസ്ഥാന അടിസ്ഥാനത്തിൽ പി.ആർ.ഡി നടത്തുന്ന കലാജാഥയും മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്നു. എല്ലാ പഞ്ചായത്തുകളിലും ചൊവ്വാഴ്ച ഇരുചക്ര വാഹന റാലി നടന്നു. മുനിസിപ്പൽ തല ഇരുചക്ര വാഹന റാലിയിൽ നൂറിലധികം പേർ പങ്കെടുത്തു. നഗരസഭ കാര്യാലയത്തിൽ സംഘാടക സമിതി ചെയർമാൻ ബി.ഡി.ദേവസി ഫ്‌ളാഗ് ഓഫ് ചെയ്തു. സദസ് നടക്കുന്ന ചാലക്കുടി കാർമ്മൽ സ്‌കൂൾ സ്റ്റേഡിയത്തിൽ വിശാലമായ പന്തൽ തയ്യാറായി. ചാലക്കുടി ഡിവൈ.എസ്.പി. ടി.എസ്.സുനോജിന്റെ മേൽനോട്ടത്തിലാണ് ഇതിന്റെ നിർമ്മാണം. കവാടവും മനോഹരമായി അലങ്കരിച്ചു.