മണ്ണുത്തി: മണ്ണുത്തി കാർഷിക സർവകലാശാല അങ്കണത്തിൽ നടന്ന നവകേരള സദസിന് എത്തിയത് പതിനായിരങ്ങൾ. ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ പന്തലിലേക്ക് വിവിധ മേഖലകളിൽ നിന്നായി ജനങ്ങൾ എത്തിത്തുടങ്ങിയിരുന്നു. തുടർന്ന് മൂന്നോടെ സംഗീത സംവിധായകൻ ഔസേപ്പച്ചന്റെയും സിനി ആർട്ടിസ്റ്റ് ജയരാജ് വാരിയരുടെയും നേതൃത്വത്തിൽ നടന്ന സംഗീത സദസ് ആവേശകരമായി. വൈകിട്ട് 5.45ന് എത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാനും പ്രസംഗം കേൾക്കാനും വൻ ജനാവലിയാണ് എത്തിയത്. വൈകിട്ട് ഏഴിനകം 4800 ഓളം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.