1

തൃശൂർ: നവകേരള സദസ് തേക്കിൻകാട് മൈതാനിയിലെ പൂരക്കാഴ്ചയായി. തൃശൂർ നിയോജക മണ്ഡലത്തിലെത്തിയ സംസ്ഥാന മന്ത്രിസഭയെ കാണാനും കേൾക്കാനും എത്തിയവരെക്കൊണ്ട് വിദ്യാർത്ഥി കോർണർ നിറഞ്ഞു. വെടിക്കെട്ടോടെയാണ് നഗരം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റത്. സദസിനെത്തിയവർക്ക് തൃശൂർ കോർപറേഷൻ സൗജന്യമായി പലഹാരങ്ങളും പഴങ്ങളും ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തു. നവകേരള സദസിനോട് അനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ പി. ബാലചന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു.

കേരള കലാമണ്ഡലം അവതരിപ്പിച്ച എന്റെ കേരളം ഡാൻസ് ഫ്യൂഷൻ, തൃശൂർ ജനനയന അവതരിപ്പിച്ച നാടൻ കലകൾ ഫോക്ക് ഈവ്, ജയരാജ് വാര്യർ അവതരിപ്പിച്ച കാരിക്കേച്ചർ, തൃശൂർ മെലഡി വോയ്‌സ് അവതരിപ്പിച്ച ഗാനമേള, ഫലിതപ്രഭാഷകനുമായ നന്ദകിഷോർ അവതരിപ്പിച്ച നന്ദഹാസം, കെ. പ്രേമദാസൻ അവതരിപ്പിച്ച ഓടക്കുഴൽ ഗാനം, സർക്കാർ ജീവനക്കാരുടെ സ്വാഗത ഗാനം, നാടൻ പാട്ട്, ചലച്ചിത്ര നടനും ഫൈൻ ആർട്‌സ് കോളേജ് അദ്ധ്യാപകൻ കെ.പി. ജിനൻ അവതരിപ്പിച്ച ഓടക്കുഴൽ സംഗീതം എന്നീ പരിപാടികൾ നടന്നു.