തൃശൂർ: നവകേരള സദസിന്റെ വേദി മാറ്റത്തെത്തുടർന്ന് വാർത്തയിൽ ഇടം നേടിയ പുത്തൂർ സുവോളജിക്കൽ പാർക്കിൽ പ്രഭാത നടത്തത്തിനിറങ്ങി മന്ത്രിമാർ. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, പി. രാജീവ്, എം.ബി. രാജേഷ്, സജി ചെറിയാൻ, പി. പ്രസാദ്, വി. അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ഇന്നലെ പ്രഭാത നടത്തത്തിനെത്തിയത്.
കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ ഹൈക്കോടതി പരാമർശത്തെത്തുടർന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിന്ന് നവ കേരള സദസിന്റെ വേദി വെള്ളാനിക്കര കാർഷിക സർവകലാശാല ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു. സുവോളജിക്കൽ പാർക്കിനോട് ചേർന്നുള്ള പാർക്കിംഗ് ഗ്രൗണ്ടിലായിരുന്നു ആദ്യം സദസ് നടത്താൻ തീരുമാനിച്ചിരുന്നത്.
വിവാദത്തിനില്ലാത്തതു കൊണ്ടാണ് വേദി മാറ്റിയതെന്ന് മന്ത്രി രാജൻ പറഞ്ഞിരുന്നു. വേദി മാറ്റിയിട്ടും ഒരുമിച്ചെത്തിയ ജനതയുടെ കരുത്താണ് നാടിന്റെ ശക്തിയെന്ന് സർവകലാശാലയിൽ നടന്ന നവകേരള സദസിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. 306 കോടി ചെലവിൽ നിർമ്മിക്കുന്ന പാർക്ക് 2024ൽ തുറന്നുകൊടുക്കും.