
തൃശൂർ: പതിനഞ്ചാം വയസിൽ തെങ്ങു കയറാൻ പഠിച്ച ജ്യോതിലക്ഷ്മി നാൽപ്പത്താറാം വയസിൽ കായികമത്സരത്തിൽ പങ്കെടുത്ത് നേടിയത് സ്വർണമുൾപ്പെടെ മൂന്ന് മെഡൽ. കഴിഞ്ഞയാഴ്ച നടന്ന കേരള മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലാണ് കുന്നംകുളം വെള്ളറക്കാട് കണിശ്ശേരി വീട്ടിൽ ജ്യോതിലക്ഷ്മി 8,00 മീറ്ററിൽ സ്വർണവും 1,500 മീറ്ററിൽ വെള്ളിയും 3,000 മീറ്റർ നടത്തത്തിൽ വെങ്കലവും നേടിയത്. ഇനി ഫെബ്രുവരിയിൽ നടക്കുന്ന ദേശീയ മീറ്റിൽ പങ്കെടുക്കണം.
മാസങ്ങൾക്ക് മുമ്പ് മണ്ണുത്തിയിൽ നടന്ന ഏഴ് കിലോമീറ്റർ ഓട്ടത്തിൽ മൂന്നാമതെത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്നവരാണ് കാസർകോട്ടെ 45 വയസിന് മുകളിലുള്ളവരുടെ മീറ്റിനെപ്പറ്റി പറഞ്ഞത്. മണ്ണുത്തി വെറ്ററിനറി കോളേജിൽ താത്കാലിക അറ്റൻഡന്റായ ജ്യോതി മത്സരത്തിന് മുമ്പ് ഒരാഴ്ച രാവിലെയും വൈകിട്ടും രണ്ടര മണിക്കൂർ പരിശീലിച്ചു. മത്സരത്തിന്റെ രീതികളെപ്പറ്റിയൊന്നും അറിയില്ലായിരുന്നു. ആരുടെയും സഹായം തേടിയതുമില്ല. ഒരു കൗതുകത്തിന് പങ്കെടുക്കാമെന്ന് കരുതി.
തറവാട്ടിൽ 30 തെങ്ങും 270 കവുങ്ങും സ്വന്തമായുള്ള ഒരേക്കറിൽ കൃഷിയുമുണ്ടായിരുന്നു. എന്തും പഠിക്കാനും പരീക്ഷിക്കാനും തയ്യാറുള്ള ജ്യോതി ഒരു രസത്തിനാണ് തളപ്പുണ്ടാക്കി വീട്ടിലെ തെങ്ങിലും കവുങ്ങിലും കയറാൻ ശ്രമിച്ചത്. ആദ്യമൊക്കെ വഴുതിയെങ്കിലും പിന്നീട് പരിസരവാസികൾക്കുവരെ സൗജന്യമായി തേങ്ങയിട്ടു തുടങ്ങി. പനയിലും മാവിലും കയറും. അതിഥികൾക്ക് കരിക്കിടാനും ഉത്സവങ്ങൾക്ക് പൂക്കുല വെട്ടാനും കയറും. കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൽ താത്കാലിക അസിസ്റ്റന്റായിരുന്നപ്പോൾ വിദ്യാർത്ഥികളെയും തെങ്ങുകയറാൻ പഠിപ്പിച്ചിട്ടുണ്ട്.
എന്തിനും തയാർ
കുന്നംകുളം പോളിടെക്‌നിക്ക് കോളേജിൽ താത്കാലിക കമ്പ്യൂട്ടർ ഇൻസ്ട്രക്ടറായിരുന്നു. വിയ്യൂർ ജയിലിലെ അന്തേവാസികളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചിട്ടുണ്ട്. വെറ്ററിനറി കോളേജിൽ യന്ത്രമുപയോഗിച്ച് പുല്ലുവെട്ടിയത് ജ്യോതിയാണ്. പഠിച്ചത് യു ട്യൂബിൽ നിന്ന്. ശുചീകരണത്തിന് കിണറ്റിലുമിറങ്ങും. പ്‌ളംബിംഗുമറിയാം. ആവശ്യക്കാർക്ക് കമ്പ്യൂട്ടർ ഡിസൈനും ടൈപ്പിംഗും ചെയ്തുകൊടുക്കും. മകൾ: നിരഞ്ജന വിദ്യാർത്ഥിനി.
കായികമത്സരത്തിൽ പങ്കെടുത്തത് നല്ല അനുഭവമായിരുന്നു. ഇനി ദേശീയ മീറ്റിനായി പരിശീലിക്കണം
ജ്യോതി