 
കൊടുങ്ങല്ലൂർ: നവകേരള സദസിന് വേദിയായ കയ്പമംഗലം മണ്ഡലത്തിലെ പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജ് ഗ്രൗണ്ട് രാവിലെ പത്തോടെ ജനനിബിഡം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമസ്ത മേഖലയിലുമുള്ള ആയിരങ്ങൾ മൈതാനത്തേക്ക് ഒഴുകിയെത്തി. 15,000 പേർക്കുള്ള ഇരിപ്പിടങ്ങൾ ഉണ്ടായെങ്കിലും സീറ്റ് കിട്ടാതെ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേര് വേദിക്ക് ചുറ്റും തടിച്ചു കൂടിയിരുന്നു.
രാവിലെ ഒമ്പതിന് പത്താഴക്കാട് തിലകൻ ആൻഡ് പാർട്ടിയുടെ ചെണ്ടമേളം വേദിയിലേക്ക് വരുന്നവരെ സ്വീകരിച്ചു. കുട്ടികളുടെ കലാസാംസ്‌കാരിക പരിപാടികളോടെയാണ് നവകേരള സദസിന് തുടക്കമായത്. 11ന് സംസ്ഥാന മന്ത്രിസഭ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആദ്യം വന്നത് മൂന്ന് മന്ത്രിമാർ. മന്ത്രി കെ. രാധാകൃഷ്ണൻ, ജി.ആർ. അനിൽ, വി. ശിവൻകുട്ടി എന്നിവരാണ് വേദിയിൽ വന്നത്. 12.15 ഓടെയാണ് മറ്റ് മന്ത്രിമാരും മുഖ്യമന്ത്രിയും വന്നത്. സദസിലൂടെ നടന്നുനീങ്ങിയ പിണറായി വിജയനെയും മന്ത്രിമാരെയും ജനങ്ങൾ നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്.
ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെ പരാതി സ്വീകരിക്കാൻ 20 കൗണ്ടറുകൾ തുറന്നിരുന്നു. പരാതി നൽകാൻ രാവിലെ മുതൽ കൗണ്ടറുകളിൽ നല്ല തിരക്കായിരുന്നു. ഒരു കൗണ്ടറിൽ മൂന്ന് ഉദ്യോഗസ്ഥർ വീതമാണ് പരാതി സ്വീകരിക്കാൻ ഉണ്ടായിരുന്നത്. ആകെ 5300 പരാതികളാണ് കൗണ്ടറുകളിൽ ലഭിച്ചത്.