കൊടുങ്ങല്ലൂർ: തീരദേശത്തെ ആവേശത്തിലാക്കി കയ്പമംഗലം നിയോജക മണ്ഡലത്തിലെ നവകേരളസദസ്. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന നവകേരള സദസ് ജനങ്ങളാൽ നിറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘത്തെ കാണാനും കേൾക്കാനുമായി നിരവധി പേരാണ് എത്തിയത്. ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കും മുൻപേ മാലിന്യമുക്ത പ്രതിജ്ഞയെടുത്തു. സദസിനെത്തിയവർക്ക് ലഘു ഭക്ഷണം, ജ്യൂസ്, കുടിവെള്ളം എന്നിവ സൗജന്യമായി നൽകി.
സുരക്ഷ ഉറപ്പാക്കാൻ മെഡിക്കൽ സംഘം, ഫയർഫോഴ്‌സ്, പൊലീസ് എന്നിവരും സദസിനെത്തുന്നവർക്ക് എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയ വളണ്ടിയേഴ്‌സിന്റെ സേവനം ഒരുക്കിയിരുന്നു. ഹരിത കർമ്മസേന, കുടുംബശ്രീ, ആശ, അംഗൻവാടി പ്രവർത്തകരും വിവിധ വകുപ്പുകളും സുഗമമായ നടത്തിപ്പിന്റെ ഭാഗമായി. ജൈവ അജൈവ മാലിന്യം നിക്ഷേപിക്കാനായി ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി നിർമ്മിച്ച ഓലക്കുട്ടകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നു.
നിവേദനങ്ങൾ സ്വീകരിക്കായി 20 കൗണ്ടറുകളും ഒരുക്കി. ഭിശേഷിക്കാർ, മുതിർന്നവർ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകുന്ന കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. മണ്ഡലത്തിന്റെ വികസനപ്രവൃത്തികളുടെ നേർകാഴ്ചകൾ വിവരിക്കുന്ന പ്രദർശനവും സദസിനോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു. പത്താഴക്കാട് തിലകനും സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തോടെയാണ് വേദിയിലേക്ക് വരുന്നവരെ ആനയിച്ചത്. സ്വാഗതഗാനം, തിരുവാതിര, ദേശഭക്തി ഗാനം, ഗ്രൂപ്പ് ഡാൻസ്, കേരള ഗാനം, നാടൻ പാട്ട്, നൃത്ത ശിൽപം തുടങ്ങിയ വിവിധ കലാപരിപാടികളും സദസിനോടനുബന്ധിച്ച് നടന്നു. 38 ഇനം കടൽ, കായൽ മത്സ്യങ്ങൾ ഉപയോഗിച്ച് തീർത്ത മുഖ്യമന്ത്രിയുടെ ഛായാച്ചിത്രം പിണറായി വിജയന് ഡാവിഞ്ചി സുരേഷ് സമ്മാനിച്ചു.