തൃപ്രയാർ : ധർമ്മനും കുടുംബവും നവകേരള സദസിലെത്തി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. കുടിലിലെ ദുരിത ജീവിതത്തിൽ നിന്നും മോചനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. പ്രളയം നാശം വരുത്തിവച്ച ഓലപ്പുര കെട്ടി മേഞ്ഞെങ്കിലും മത്സ്യത്തൊഴിലാളിയായ ധർമ്മനും ഭാര്യ കനകയും പെൺമക്കളുമടങ്ങുന്ന കുടുംബവും അന്തിയുറങ്ങുന്നത് ചോർന്നൊലിക്കുന്ന ടാർപ്പായ വിരിച്ച കുടിലിലാണ്. ദലിത് വിഭാഗത്തിൽപ്പെട്ട കുറുപ്പൻ പുരയ്ക്കൽ ധർമ്മൻ പത്ത് വർഷം മുമ്പാണ് തളിക്കുളം മുറ്റിച്ചൂർ പാലത്തിന് സമീപം മൂന്ന് സെന്റ് സ്ഥലം വാങ്ങി കുടിൽ കെട്ടി താമസം തുടങ്ങിയത്. കടലിലും കനോലിപ്പുഴയിലും മത്സ്യം പിടിച്ചാണ് ഇവർ പട്ടിണി കൂടാതെ കഴിഞ്ഞിരുന്നത്. ഒരു മകൾ ഷാലിയുടെ വിവാഹം നടത്തി. 2018ലെ പ്രളയത്തിൽ വീടടക്കം പ്രദേശത്തെ വീടുകൾ മുങ്ങി. വെള്ളമൊഴിഞ്ഞ് ക്യാമ്പ് വിട്ട് വന്നെങ്കിലും കൂര തകർന്ന് വീട് നിലം പൊത്തിയിരുന്നു. വീട് നിർമിക്കാൻ ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകിയെങ്കിലും തഴയപ്പെട്ടു. പിന്നീട് ഓല കെട്ടി അവിടെത്തെന്നെ താമസം തുടർന്നു. ധർമ്മനെ സഹായിക്കാൻ ഭാര്യ കനകയും വള്ളത്തിൽ പോവുമായിരുന്നു. ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് ധർമ്മൻ ആശുപത്രിയിലായി. കാലുവേദന മൂലം കനകയ്ക്ക് വള്ളം തുഴയാനും പ്രയാസമായി. ആർക്കും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ. മകനും പണിയില്ല. ഇതിനിടയിൽ വീട് ദ്രവിച്ചു. കുടിൽ കെട്ടി മേയാനും നിർവാഹമില്ലാതായി. ഓലപ്പുര ചോർന്നൊലിച്ചതോടെ മഴ കൊള്ളാതിരിക്കാൻ വീടിന് മേലെ ടാർപ്പായ വിരിച്ചാണിപ്പോൾ കഴിയുന്നത്. നാട്ടിക പഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന ധർമ്മൽ ലൈഫ് പദ്ധതി പ്രകാരം വീട് നിർമിക്കാൻ അപേക്ഷ നൽകിയപ്പോൾ വാർഡിൽ ഒന്നാമതായാണ് പരിഗണിച്ചത്. ഫിഷറീസ് വകുപ്പ് വഴിയും വീടിന് പാസായി. എന്നാൽ തീരദേശ നിയമം പറഞ്ഞ് അധികൃതർ തഴഞ്ഞു. പുഴയുടെ 47 മീറ്റർ അടുത്താണ് വീട്. ഇതു ചൂണ്ടിക്കാട്ടിയാണ് തഴഞ്ഞത്. ഇതിനിടയിൽ സുഹൃത്തിന്റെ വീട് താമസിക്കാൻ നൽകിയെങ്കിലും സുഹൃത്ത് ഗൾഫിൽ നിന്ന് വന്നതോടെ ധർമ്മനും കുടുംബവും വീണ്ടും ഓലക്കുടിലിലേക്കെത്തി. ഇഴജന്തുക്കളുടെ താവളമാണ് പ്രദേശം. ഭയപ്പാടിലാണ് കുടിലിൽ അന്തിയുറങ്ങുന്നത്. ഓലപ്പുരകൾ നാട്ടിൽ നിന്ന് വിട പറയുമ്പോഴാണ് ഇവരുടെ കുടുംബം ഓലപ്പുരയിൽ താമസിക്കുന്നത്. വീട് എന്ന സ്വപ്നം പൂവണിയാൻ തീരദേശ നിയമം പറഞ്ഞ് അധികൃതർ തടസമായി നിന്നതോടെ മുഖ്യമന്ത്രിയുടെ നവകേരള സദസിൽ ധർമ്മൻ അപേക്ഷ നൽകിയിരിക്കുകയാണ്. കുടിലിലെ ദുരിത ജീവിതത്തിൽ നിന്ന് മോചനമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ധർമ്മനും കുടുംബവും.