കൊടുങ്ങല്ലൂർ: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ മത്സ്യബന്ധന മേഖലകളുടെ സമഗ്ര വികസനത്തിന് കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് ബെന്നി ബെഹന്നാൻ എം.പി കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാലയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു. മത്സ്യബന്ധന കേന്ദ്രങ്ങളായ കൊടുങ്ങല്ലൂർ, കയ്പമംഗലം എന്നിവിടങ്ങളിലെ വിവിധ പഞ്ചായത്തുകളിലെ വികസനാവശ്യങ്ങൾ മന്ത്രിയെ ധരിപ്പിച്ചു. കയ്പമംഗലം ഫിഷ് ലാൻഡിംഗ് സെന്റർ ഫിഷിംഗ് ഹാർബറാക്കി അപ്‌ഗ്രേഡ് ചെയ്യുന്നതിന് കേന്ദ്ര ഫണ്ടനുവദിക്കുക, എറിയാട്, എടവിലങ്ങ്, എസ്.എൻ പുരം, മതിലകം പഞ്ചായത്തുകളിൽ കടൽഭിത്തി നിർമ്മിക്കുക, പൊയ്യ പഞ്ചായത്തിലെ നിരവധി മത്സ്യത്തൊഴിലാളികൾക്ക് തീരദേശ പരിപാലന നിയമം നിലനിൽക്കുന്നതിനാൽ ഭവന നിർമ്മാണം നടത്താൻ കഴിയാത്തതിനാൽ കേന്ദ്ര സർക്കാർ ഇടപെട്ട് പ്രസ്തുത നിയമത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഇളവനുവദിക്കുക, മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ ഉചിതമായ പദ്ധതികൾ ആവിഷ്‌കരിക്കുക, തീരദേശ മേഖലയിലെ സ്‌കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കായിക മേഖലയിലെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. മത്സ്യ ബന്ധന മേഖലയിലെ വികസനാവശ്യങ്ങൾ പരിശോധിച്ച് മുൻഗണനാടിസ്ഥാനത്തിൽ പദ്ധതികളാവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം.പി അറിയിച്ചു.