colour

തൃശൂർ: നൃത്തഇനങ്ങളുടെ ചന്തത്തോടെ ജില്ലാ സ്‌കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. പതിനെട്ടോളം വേദികളിൽ കലോത്സവം നിറഞ്ഞാടി. കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാന വേദിയായ ഹോളി ഫാമിലി സി.ജി.എച്ച്.എസിൽ രാവിലെ 10ന് പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുക്കുന്ന സംഗീത ഫ്യൂഷൻ ഉദ്ഘാടനത്തിന് മുന്നോടിയായി അരങ്ങേറും. വൈകിട്ട് മൂന്നിന് സ്‌കൂളിൽ സാംസ്‌കാരിക സദസും നടക്കും.

കലോത്സവത്തിന്റെ സമാപനം 9ന് വൈകിട്ട് 5ന് മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്യും. ഭരതനാട്യം, കുച്ചിപ്പുഡി, ശാസ്ത്രീയ സംഗീതം, ഒപ്പന, തിരുവാതിരക്കളി, കോൽക്കളി, വട്ടപ്പാട്ട്, സ്‌കിറ്റ്, മൂകാഭിനയം, നാടകം തുടങ്ങിയ മത്സരങ്ങളാണ് ഇന്നലെ അരങ്ങേറിയത്. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ കലോത്സവ ദൃശ്യങ്ങൾ പൊതുജനങ്ങൾക്കായി സംപ്രേഷണം ചെയ്യും.

വേദികളിലേക്ക് നെട്ടോട്ടം

വേദികൾ തമ്മിലുള്ള ദൂരക്കൂടുതൽ മത്സരാർത്ഥികളെ വലയ്ക്കുന്നുണ്ട്. അതോടൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കും. ഓരോ ഇനത്തിലും പങ്കെടുക്കുന്ന കുട്ടിക്കൊപ്പം പ്രത്യേകം അദ്ധ്യാപകരെ ചുമതലപ്പെടുത്തേണ്ട കഷ്ടപ്പാടാണ് സ്‌കൂൾ അധികൃതർക്ക്. 10 സ്‌കൂൾ ബസുകൾ വിദ്യാർത്ഥികളെ കൊണ്ടുപോകാനായി ഏർപ്പാടാക്കിയിട്ടുണ്ടെന്നും ആറ് ബസ് ഇന്നലെ ഓടിയതായും ഗതാഗതകമ്മിറ്റി കൺവീനർ അറിയിച്ചു. വേദികളിൽ നിന്ന്, ഭക്ഷണശാലയുള്ള ഗവ. മോഡൽ ഗേൾസ് സ്‌കൂളിലേക്കും തിരിച്ചും കുട്ടികളെയെത്തിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോളിഫാമിലി, സെന്റ് ജോസഫ്‌സ്, സെന്റ് ക്‌ളയേഴ്‌സ്, കാൽഡിയൻ സ്‌കൂളുകളാണ് ദൂരെയുള്ളത്. ഇന്ന് കൂടുതൽ മത്സരാർത്ഥികൾ പങ്കെടുക്കുന്നതോടെ കൂടുതൽ ബസുകൾ ഏർപ്പാടാക്കേണ്ടി വരും.

ഹരിതച്ചട്ടം പാലിച്ച്

ഹരിതച്ചട്ടം പാലിച്ചാണ് കലോത്സവം നടക്കുന്നത്. പ്‌ളാസ്റ്റിക് കുപ്പികൾ തരുന്നവർക്ക് സമ്മാനം നൽകുമെന്ന വാഗ്ദാനവുമുണ്ട്. ഗ്രീൻ ബൂത്തിലാണ് കുപ്പികൾ ഏൽപ്പിക്കേണ്ടത്.