തൃശൂർ: സംസ്ഥാന പേരന്റ് ടീച്ചേഴ്‌സ് അസോസിയേഷൻ (പി.ടി.എ) വാർഷികാഘോഷവും പുരസ്‌കാര സമർപ്പണവും ശനിയാഴ്ച തൃശൂർ സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പ്രൊഫ. വി.ജി. തമ്പി അദ്ധ്യക്ഷനാകും. എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ഡോ. എസ്.കെ. വസന്തനെ മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ആദരിക്കും. പി.ടി.എ ഗുരുശ്രേഷ്ഠ പുരസ്‌കാരം ഡോ. പി.വി. കൃഷ്ണൻ നായർക്ക് ഡോ. എസ്.കെ. വസന്തൻ സമ്മാനിക്കും.

കർമശ്രേഷ്ഠ പുരസ്‌കാരത്തിന് അർഹരായ പി.ജെ. സ്റ്റൈജു, ഡോ. സിജു രവീന്ദ്രൻ, ജയൻ കുണ്ടൂകാട്, അഡ്വ. രവി ചങ്കത്ത് എന്നിവരെ ആദരിക്കും. വിദ്യാശ്രേഷ്ഠ പുരസ്‌കാരം കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജിലെ അദ്ധ്യാപകനായ എസ്.ബി. പ്രസാദിനും വിദ്യാഭ്യാസ സമഗ്ര സംഭാവന പുരസ്‌കാരം തൃശൂർ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ സ്ഥാപക പ്രിൻസിപ്പൽ നളിനി ചന്ദ്രനും സമ്മാനിക്കും. സംസ്ഥാന സെക്രട്ടറി കെ.എം. ജയപ്രകാശ്, വൈസ് പ്രസിഡന്റ് എൻ. രാജഗോപാൽ, സംഘാടക സമിതി ജനറൽ കൺവീനർ ശരത്ചന്ദ്രൻ മച്ചിങ്ങൽ, ട്രഷറർ ആർ.വി. രാമപ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.