തൃപ്രയാർ: നാട്ടിക പഞ്ചായത്ത് സ്വകാര്യ പങ്കാളിത്തത്തിൽ ബി.ഒ.ടി മാതൃകയിൽ നിർമ്മിച്ച തൃപ്രയാറിലെ ട്രാഫിക് സിഗ്‌നൽ കരാർ കാലാവധി കഴിഞ്ഞിട്ടും കരാറുകാരനിൽ നിന്നും പഞ്ചായത്ത് ഏറ്റെടുക്കാത്തത് വൻ അഴിമതിയാണെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ അനിൽ പുളിക്കൽ, വി.ആർ. വിജയൻ, പി. വിനു, എ.എൻ. സിദ്ധപ്രസാദ് എന്നിവരാണ് ആരോപണം ഉന്നയിച്ചത്.
ട്രാഫിക് സിഗ്‌നൽ നിർമ്മിച്ച് സിഗ്‌നലിൽ പരസ്യബോർഡ് നിർമ്മിക്കാനുള്ള അവകാശവും സിഗ്‌നൽ അറ്റകുറ്റപ്പണി നടത്തലും വൈദ്യുതി ബിൽ ഒരുക്കലും സിഗ്‌നൽ നിർമ്മിച്ച കരാറുകാരന് നേരത്തേ നൽകിയിരുന്നു. പത്ത് വർഷത്തേയ്ക്കാണ് പഞ്ചായത്ത് ഭരണസമിതി രേഖാമൂലം വ്യവസ്ഥ ഉണ്ടാക്കി നൽകിയിരുന്നത്. കാലാവധിക്ക് ശേഷവും ട്രാഫിക് സിഗ്‌നൽ സംവിധാനം പൂർണമായും കരാറുകാരൻ തന്നെയാണ് നടത്തുന്നത്. 2023 ഒക്ടോബർ 13ന് കരാർ കാലാവധി അവസാനിച്ചെങ്കിലും പഞ്ചായത്ത് എറ്റെടുക്കുന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് എ.ആർ. ദിനേശൻ കരാറുകാരനിൽ നിന്നും കോഴ വാങ്ങി പഞ്ചായത്ത്‌രാജ് ചട്ടത്തിന് വിരുദ്ധമായി അധികാര ദുർവിനിയോഗം നടത്തുകയാണ്. പഞ്ചായത്ത് പ്രസിഡന്റിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും പ്രസിഡന്റ് ഉടൻ രാജിവയ്ക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സിഗ്‌നൽ തല്ലിപ്പൊളിച്ചും സിഗ്‌നലിനെതിരെ കോടതിയെ സമീപിച്ചും സ്ഥിരമായി സിഗ്‌നൽ വിരുദ്ധസമീപനം മാത്രം സ്വീകരിച്ച സി.പി.എം പഞ്ചായത്ത് ഭരണത്തിൽ വന്നപ്പോൾ സിഗ്‌നൽ വിഷയത്തിൽ മിണ്ടുന്നില്ല. പരസ്യ ബോർഡുണ്ടോ, പരസ്യത്തിന്റെ പണം കരാറുകാരന് കൃത്യമായി കിട്ടുന്നുണ്ടോ എന്നതിൽ മാത്രമായി പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധ. വാഹന ഗതാഗതം സുഗമമാക്കാനും കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാനും തൃപ്രയാർ സിഗ്‌നലിൽ ഇപ്പോൾ ഒരു സംവിധാനവും ഇല്ല. അഴിമതിയുടെ പരസ്യഫലകങ്ങൾ മാത്രമാണ് ഇപ്പോൾ ട്രാഫിക് സിഗ്‌നലിലുള്ളത്.
14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ആറ് അംഗങ്ങൾ മാത്രമുള്ള സി.പി.എമ്മിന് ഭൂരിപക്ഷമില്ല. ബി.ജെ.പി പിന്തുണയിലാണ് സി.പി.എം ഭരണം കൊണ്ടുനടക്കുന്നത്. ട്രാഫിക് സിഗ്‌നൽ അഴിമതിയിൽ ബി.ജെ.പി പങ്ക് പറ്റിയിട്ടില്ലെങ്കിൽ അഴിമതി വിരുദ്ധ പോരാട്ടത്തിന് രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബി.ജെ.പിയും മറുപടി പറയണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.