molpalanghal-nirmikyanam

ദേശീയപാതയിൽ മേൽപ്പാലങ്ങൾ നിർമ്മിക്കണമെന്ന ആവശ്യവുമായി ബെന്നി ബെഹന്നാൻ എം.പിയും സനീഷ്‌കുമാർ ജോസഫ് എം.എൽ.എയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ കാണുന്നു.

കൊടുങ്ങല്ലൂർ : ദേശീയപാത 544 ൽ കൊരട്ടി, മുരിങ്ങൂർ എന്നിവിടങ്ങളിലും ദേശീയപാത 66ൽ കൊടുങ്ങല്ലൂർ ചന്തപ്പുരയിലും മേൽപ്പാലങ്ങൾ നിർമ്മിക്കണമെന്ന ആവശ്യവുമായി ബെന്നി ബെഹന്നാൻ എം.പിയും സനീഷ്‌കുമാർ ജോസഫ് എം.എൽ.എയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ടു. കൊരട്ടി ജംഗ്്ഷനിലും മുരിങ്ങൂർ ജംഗ്ഷനിലും ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി മേൽപ്പാലങ്ങൾ നിർമ്മിക്കണമെന്ന് ഇതിനോടകം തന്നെ ദേശീയപാത അതോറിറ്റി ചെയർമാനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇപ്പോൾ അനുവദിച്ചിട്ടുള്ളത് വീതി കുറഞ്ഞ അടിപ്പാതയാണ്. കൊരട്ടി ജംഗ്ഷനിലെയും മുരിങ്ങൂർ ജംഗ്ഷനിലെയും ഗതാഗതത്തിരക്ക് കണക്കിലെടുക്കമ്പോൾ അടിപ്പാത തികച്ചും അപര്യാപ്തമാണ്. ദേശീയപാത 66ലെ ചന്തപ്പുരയിൽ നിലവിൽ അനുവദിച്ചിട്ടുള്ള മേൽപ്പാലം തിരക്കേറിയ സി.ഐ ഓഫീസ് ജംഗ്ഷൻ വരെ നീട്ടുകയാണ് ആവശ്യം. ഭഗവതി ക്ഷേത്രത്തിലെ തീർത്ഥാടകർ, സ്‌കൂളുകൾ, വിവിധ ഓഫീസുകളിൽ എത്തുന്നവർ എന്നിവരുടെ തിരക്കനുഭവപ്പെടുന്നതിനാൽ ചന്തപ്പുര ജംഗ്ഷനിൽ മേൽപ്പാലം അനിവാര്യമാണ്. കൊരട്ടി, മുരിങ്ങൂർ, കൊടുങ്ങല്ലൂർ ചന്തപ്പുര എന്നീ ജംഗ്ഷനുകളിലെ വാഹനത്തിരക്കും ജനസാന്ദ്രതയും മൂലം അനുഭവപ്പെടുന്ന കടുത്ത ഗതാഗതകുരുക്ക് കണക്കിലെടുത്ത് എത്രയുംവേഗം മേൽപ്പാലം നിർമ്മിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകണമെന്ന് എം.പിയും എം.എൽ.എയും മന്ത്രിയോട് ആവശ്യപ്പെട്ടു.