ചാലക്കുടി: രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം പിറന്നാൾ സമ്മാനമായി ചിറങ്ങര റെയിൽവേ മേൽപ്പാലം നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നവകേരള സദസിന്റെ ചാലക്കുടിയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയിൽവേ ഗേറ്റ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചിറങ്ങര മേൽപ്പാലം സർക്കാർ നിർമ്മിച്ചത്. കൊരട്ടിയുടെ വികസനക്കുതിപ്പിന് മേൽപ്പാലം ആക്കം കൂട്ടുമെന്നതിൽ സംശയമില്ലെന്നും മന്ത്രി തുടർന്നുപറഞ്ഞു. മലയോര ഹൈവേ നിർമ്മാണം, വിവിധ റോഡുകളും പാലങ്ങളും നിർമ്മിക്കൽ, വിദ്യാലയങ്ങൾ നവീകരിക്കൽ എന്നിവയിലൂടെ എൽ.ഡി.എഫ് സർക്കാർ ചാലക്കുടിയിൽ കോടിക്കണക്കിന് രൂപയുടെ വികസനം കൊണ്ടുവന്നു. വൈകിയാണെങ്കിലും ദേശീയ പാതയിലെ അടിപ്പാതയും പൂർത്തിയാക്കി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഇത്തരം മുന്നേറ്റങ്ങൾ നടന്നിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ രംഗത്തും പ്രവർത്തനം നടത്തി കോൺഗ്രസ് മേൽവിലാസം നഷ്ടപ്പെട്ട പാർട്ടിയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.