കൊടുങ്ങല്ലൂർ : നവകേരള സദസിൽ സി.പി.എം പുല്ലൂറ്റ് ലോക്കൽ കമ്മിറ്റി വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് പരാതികൾ നൽകി. പുല്ലൂറ്റ് വില്ലേജ് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇതിനായി ചെറുകിട കുടിവെള്ള പദ്ധതികൾ ഉൾപ്പടെ നടപ്പിലാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ മുതൽ കരൂപ്പടന്ന വരെയുള്ള സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തി 2024 ആഗസ്റ്റ് മാസത്തോടെ മാത്രമാണ് ആരംഭിക്കുക എന്നാണ് വിവരം. ആയതിനാൽ പ്രദേശത്തെ റോഡ് റീടാറിംഗ് നടത്തി ജനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കണമെന്നും പുതിയ പുല്ലൂറ്റ് പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. ഏരിയാ കമ്മിറ്റി അംഗം മുസ്താക്ക് അലി, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എൻ. രാമദാസ്, കൗൺസിലർ പി.എൻ. വിനയചന്ദ്രൻ, എൻ.എസ്. ജയൻ, കെ.എം. മോഹനൻ, എം.ബി. സജിത, ലത ഷാനി, കെ.എ. രാജൻ, കെ.ആർ. നാരായണൻ, എ.കെ. അലി, എ.എം. ഷിഹാബ് എന്നിവർ നേതൃത്വം നൽകി.