കൊടുങ്ങല്ലൂർ : സ്‌കൂളുകൾക്ക് ചലഞ്ച് ഫണ്ടിലുൾപ്പെടുത്തി കെട്ടിട നിർമ്മാണത്തിന് അനുവദിച്ച സർക്കാർ ഫണ്ട് വൈകുന്നതിനെതിരെ നവകേരള സദസിൽ പരാതി നൽകി. ചലഞ്ച് ഫണ്ടിൽ 54 ലക്ഷം രൂപ ലഭിക്കാനുള്ള മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻഡറി മാനേജ്‌മെന്റാണ് നവകേരള സദസിൽ പരാതി നൽകിയത്. 2019ൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവരെ പണം ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. എയ്ഡഡ് സ്‌കൂളുകൾക്ക് ക്ലാസ് മുറികൾ നിർമ്മിക്കുന്നതിന് ചെലവാകുന്ന തുകയിൽ അമ്പത് ശതമാനം സർക്കാർ നൽകുമെന്നായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുത്ത സ്‌കൂളുകൾക്ക് ഈ പദ്ധതി സർക്കാർ അനുവദിച്ചെങ്കിലും നാല് വർഷം കഴിഞ്ഞിട്ടും ഇതുവരെ സർക്കാരിന്റെ വിഹിതം ലഭിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.