rajan

ചാലക്കുടി: നഗരത്തിന് ചരിത്രസംഭവം സംഭാവന ചെയ്ത് നവകേരള സദസ്. കാർമ്മൽ സ്‌കൂൾ സ്റ്റേഡിയം ഇതുവരെയും ഇത്രയും വലിയ ജനസഞ്ചയത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. രാവിലെ ഏഴ് മുതൽ ജനങ്ങൾ സമ്മേളന വേദിയിലേക്ക് ഒഴുകി. ചെണ്ടമേളവും കാവടിയാട്ടവുമായാണ് ഇവരെ സ്വീകരിച്ചത്.

പരാതികൾ സ്വീകരിക്കുന്ന ഹാളിലും കനത്ത തിരക്കായിരുന്നു. 25 കൗണ്ടറുകൾ ഇതിനായി സജ്ജമാക്കി. ചായയും ലഘുഭക്ഷണവും നൽകിയത് സദസിനെത്തിയവർക്ക് അനുഗ്രഹമായി. എല്ലായിടത്തും കുടിവെള്ളവും ഒരുക്കി. ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവർക്ക് ഐസ്‌ക്രീം വിതരണം ചെയ്തിരുന്നു. പൊതുചടങ്ങിന് മുന്നോടിയായി വേദിയിൽ ആദിവാസി കലാകാരന്മാർ അടക്കമുള്ളവരുടെ നൃത്തങ്ങളും അരങ്ങേറി.

പ്രദീപ് പൂലാനിയുടെ ചാക്യാർകൂത്തും ആസ്വാദകരമായി. നൂറുകണക്കിന് വളണ്ടിയർമാരുടെ സേവനം നവ കേരള സദസിന്റെ ജില്ലാതല സമാപനത്തെ വേറിട്ട അനുഭവമാക്കി. ഗംഭീര പരിപാടി ഒരുക്കിയ സംഘാടക സമിതി ചെയർമാൻ ബി.ഡി. ദേവസിയെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അഭിനന്ദിച്ചു. കോ- ഓർഡിനേറ്റർ വാഴച്ചാൽ ഡി.എഫ്.ഒ ആർ. ലക്ഷ്മിയുടെ സേവനവും സംഘാടനത്തിന് മുതൽക്കൂട്ടായി.

കെ.പി. തോമസ്, ടി.പി. ജോണി, കെ.എസ്. അശോകൻ, അഡ്വ. കെ.ബി. സുനിൽകുമാർ, ജനീഷ് പി. ജോസ്, എം.എം. ഷക്കീർ, ഡോ. സി.സി. ബാബു, ഹാഷിം ബാബു, സി.എസ്. സുരേഷ്, പി.എസ്. സന്തോഷ്, ജിൽ ആന്റണി, യു.എസ്. അജയകുമാർ, എ.ഐ. ഗോപി, ബീന ഡേവിസ് തുടങ്ങിയ സംഘാടക സമിതി പ്രവർത്തകരും അക്ഷീണം പ്രയത്‌നിച്ചു.