തൃശൂർ: കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ജില്ലയിലെ പര്യടനം ഇന്ന് വടക്കാഞ്ചേരി ബ്ലോക്കിലെ വരവൂർ പഞ്ചായത്ത്, ചൊവ്വന്നൂർ ബ്ലോക്കിലെ ചൂണ്ടൽ പഞ്ചായത്ത് എന്നിവിടങ്ങളിൽ നടക്കും. രാവിലെ 10.30 ന് വരവൂരിലെ ഹയാത്ത് കൺവെൻഷൻ സെന്ററിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്ക് 2.30 ന് രണ്ടാമത്തെ പരിപാടി കേച്ചേരിയിലെ ചൂണ്ടൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടക്കും. കേന്ദ്രത്തിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കാനുള്ള സൗകര്യം, വിവിധ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് അനുവദിക്കപ്പെട്ട ബാങ്ക് വായ്പകളുടെ വിതരണം, കാർഷികമേഖലയിൽ ഡ്രോൺ ഉപയോഗം പരിചയപ്പെടുത്തൽ, ഉജ്ജ്വലയോജനയ്ക്ക് കീഴിൽ പുതിയ പാചക വാതക കണക്ഷൻ വിതരണം ചെയ്യൽ എന്നിവ നടക്കും. ലീഡ് ബാങ്ക് തൃശൂർ, നബാർഡ്, കൃഷി, കർഷകക്ഷേമ മന്ത്രാലയം എന്നിവയടക്കം വിവിധ കേന്ദ്ര ഗവൺമെന്റ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.