cher
കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത.

ചേർപ്പ്: പഞ്ചായത്ത് 18-ാം വാർഡിലെ മുത്തുള്ളിയാൽ തോപ്പ് പ്രദേശത്ത് രണ്ട് മാസത്തോളമായി രാത്രി വഴിവിളക്കുകൾ തെളിയാതെ കിടക്കുന്ന പ്രദേശവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം. കഴിഞ്ഞ ദിവസം കേരള കൗമുദിയിൽ വഴിവിളക്കുകൾ കത്തുന്നില്ല, തോപ്പ് ഇരുട്ടിലായിട്ട് രണ്ട് മാസം എന്ന വാർത്തയെ തുടർന്ന് വാർഡ് അംഗം നെസീജ മുത്തലീഫ് കെ.എസ്.ഇ.ബി. അധികൃതരുമായി നടത്തിയ ഇടപെടലോടെയാണ് വഴിവിളക്കുകൾ തെളിയുന്നതിന് കാരണമായത്. പ്രദേശത്തെ അംഗൻവാടി മുതൽ മണലാറ്റി പാടം വരെ നീണ്ടുകിടക്കുന്ന നിരവധി കുടുംബങ്ങൾ താമസിക്കുന്നയിടത്താണ് വൈദ്യുതി വഴിവെളിച്ചമില്ലാതെയായിരുന്നത്. സ്‌കൂൾ വിദ്യാർത്ഥികളും സ്ത്രീകളുമടക്കം രാത്രി സമയങ്ങളിലടക്കം നടന്നു പോകുന്ന സ്ഥലമാണ് തോപ്പ്. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും കുറുക്കൻമാരുടെയും ശല്യവും വർദ്ധിച്ചതിനാൽ പ്രദേശവാസികൾ ഭീതിയിലുമായിരുന്നു. പ്രദേശത്തെ വൈദ്യുതി, ശുദ്ധജല പ്രശ്‌നങ്ങൾക്ക് പരിഹാരം തേടാൻ വാർഡ് അംഗം നെസീജ മുഖ്യമന്ത്രിയ്ക്കും പ്രദേശവാസികൾ എം.എൽ.എ, ചേർപ്പ് പഞ്ചായത്ത് അധികൃതർ, കെ.എസ്.ഇ.ബി എന്നിവർക്കും പരാതി നൽകിയിരുന്നു. പ്രദേശത്തെ വഴിവിളക്ക് കത്താത്ത പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നില്ല. ഒടുവിൽ പ്രശ്‌ന പരിഹാരത്തിന് വെളിച്ചം കാണുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ കെ.എസ്.ഇ.ബി അധികൃതരെത്തി തോപ്പിലെ വൈദ്യുതി വഴി വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തി. രാത്രിയോടെ വഴിവിളക്കുകൾ വീണ്ടും പ്രകാശിച്ചുതുടങ്ങി.