abirami

തൃശൂർ : കൂത്തൂം കൂടിയാട്ടവും ജനകീയമാക്കുന്നതിന് പ്രയത്‌നിച്ച പൈങ്കുളം രാമചാക്യാരുടെ നാട്ടിൽ നിന്നും ക്ഷേത്രകലയുടെ പാരമ്പര്യം കാത്ത് നങ്ങ്യാർക്കൂത്തിൽ മികവുറ്റ പ്രകടനവുമായി അഭിരാമി ചാക്യാർ. ഹൈസ്‌കൂൾ വിഭാഗം നങ്ങ്യാർക്കൂത്തിൽ ' കാളിയമർദ്ദനം' കഥ വിവരിച്ചാണ് ചേലക്കര എൽ.എഫ്.ജി.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അഭിരാമി ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് വർഷമായി നങ്ങ്യാർക്കൂത്ത് പഠിച്ചുവരുന്ന അഭിരാമി ആദ്യമായാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.

പൈങ്കുളം നാരായണ ചാക്യാർ, കലാമണ്ഡലം സ്മിത എന്നിവരുടെ ശിക്ഷണത്തിലാണ് നങ്ങ്യാർക്കൂത്ത് പഠിക്കുന്നത്. പാഠകവും അഭ്യസിക്കുന്നു. സംസ്‌കൃതം പദ്യം ചൊല്ലലിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. പൈങ്കുളം രാമചാക്യാർ സ്മാരക കലാപീഠത്തിലെ വിദ്യാർത്ഥി കൂടിയാണ് ഈ കലാകാരി. ചേലക്കരയിൽ ട്രഷറി ജീവനക്കാരനായ പൈങ്കുളം ചാക്യാർ മഠത്തിൽ രവി ചാക്യാരുടെയും ബിന്ദുവിന്റെയും മകളാണ്.