
തൃശൂർ: 'കാലത്തെയും വെന്തു കാന്തനെ തിരികെ വാങ്ങിയ സാധ്വി അവൾ സാവിത്രി'... സംഘനൃത്തവേദിയിൽ ആസ്വാദകർക്ക് മുന്നിൽ ചുവടുവച്ചപ്പോൾ നിറുത്താത്ത കൈയടി. സ്വന്തം സ്‌കൂളിൽ തന്നെ പ്രകടനത്തിന് വേദി ലഭിച്ചപ്പോൾ ദേവാംഗനയും സംഘവും പ്രകടനം മികച്ചതാക്കി. ഫലം പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ നേട്ടവും അവർത്തിച്ചു. സേക്രഡ് ഹാർട്ട് സ്‌കൂളിലെ യു.പി ടീമാണ് ഒന്നാമതെത്തിയത്. നൃത്താദ്ധ്യാപകൻ സാബു ജോർജിന്റെ ശിക്ഷണത്തിലാണ് ദേവാംഗനയും കൂട്ടരും പരിശീലിച്ചത്. ടീമിലെ രണ്ട് പേർക്ക് മത്സരത്തിന് മുമ്പ് ചെറിയ ശാരീരിക അസ്വസ്ഥതകളൊക്കെയുണ്ടായെങ്കിലും അതൊന്നും പ്രകടനത്തെ ബാധിച്ചില്ല. വൈവിദ്ധ്യ വിഷയങ്ങളായിരുന്നു സംഘനൃത്തവേദിയെ വേറിട്ടുനിറുത്തിയത്. കാളിയമർദ്ദനം, ശ്രീകൃഷ്ണ ചരിതം, പുരാണകഥകളെല്ലാം സംഘനൃത്തത്തിന് വിഷയമായി. സദസും സമ്പന്നമായിരുന്നു.