
തൃശൂർ: ലാസ്യത്തിൽ നിറഞ്ഞാടി കെ.എ. ഇന്ദുബാല, മോഹിനിയാട്ടം മത്സരത്തിൽ യു.പി വിഭാഗത്തിൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാമതെത്തി. കഴിഞ്ഞ ദിവസം നടന്ന കുച്ചിപ്പുടി മത്സരത്തിലും എ ഗ്രേഡ് കരസ്ഥമാക്കി.
കഴിഞ്ഞ വർഷം ഓട്ടൻതുള്ളൻ മത്സരത്തിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ എ ഗ്രേഡും നേടിയിരുന്നു. മണലൂർ ഗോപിനാഥിന്റെ കീഴിൽ ഓട്ടൻ തുള്ളൽ അഭ്യസിക്കുന്ന ഇന്ദുബാല ഇന്ന് നടക്കുന്ന ഓട്ടൻ തുള്ളൽ മത്സരത്തിലും മത്സരിക്കും. എളവള്ളി കൊണ്ടരപ്പശ്ശേരി സതീഷിന്റെയും രേണുവിന്റെയും മകളായ ഇന്ദുബാല കഴിഞ്ഞ അഞ്ചുവർഷമായി നൃത്തം അഭ്യസിക്കുന്നു. എളവള്ളി നടനനികേതനം ഷീബ സഹദേവനാണ് ഗുരു. സൂരജിന്റെ കീഴിൽ കഥകളിയും പരിശീലിക്കുന്നുണ്ട്. കാൽഡിയൻ സിറിയൻ എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇതേ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ കെ.എസ്.അനന്ദു സഹോദരനാണ്.
ഈ കഥാപ്രസംഗം
വർഗീയതയ്ക്കെതിരെ
തൃശൂർ: വർഗീയതയ്ക്കെതിരെ നാടുണരുകയെന്ന സന്ദേശവുമായി അറബിക് കഥാപ്രസംഗം അവതരിപ്പിച്ച സഹ്ര രിഹാനയ്ക്ക് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തി. വർഗീയത മൂലം ശിഥിലമാകുന്ന സുഹൃത് ബന്ധത്തിന്റെ കഥയാണ് സഹ്ര അവതരിപ്പിച്ചത്. പുതിയങ്ങാടി മോഡൽ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ സഹ്ര സ്വന്തമായി പഠിച്ച കഥയാണ് മത്സരവേദിയിൽ അവതരിപ്പിച്ചത്. ഹൈസ്കൂൾ വിഭാഗം മലയാളം കഥാപ്രസംഗത്തിലും മത്സരിക്കുന്നുണ്ട്. അറബിക് അദ്ധ്യാപകനായ എസ്.ഫസലിന്റെയും ജുബിനയുടെയും മകളാണ്.