ഇരിങ്ങാലക്കുട : വനിതകൾക്ക് തൊഴിൽ പരിശീലനത്തിനായി ആരംഭിച്ച കേന്ദ്രം ഒമ്പതേമുക്കാൽ വർഷം പിന്നീട്ടിട്ടും നഗരസഭയ്ക്ക് തുറക്കാനായില്ല. ഇരിങ്ങാലക്കുട നഗരസഭ 14-ാം ഡിവിഷനിൽ ജവഹർ കോളനിയിൽ 2014 ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്ത ജവഹർ വനിതാ വ്യവസായ പരിശീലന കേന്ദ്രമാണ് വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന് നശിക്കുന്നത്. പട്ടികജാതി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ച് ഏകദേശം രണ്ടായിരം ചതുരശ്ര അടിയിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. അന്നത്തെ മന്ത്രി കെ. ബാബുവാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതുവരേയും വ്യവസായ കേന്ദ്രം തുറക്കാനോ ഏതെങ്കിലും വനിതകൾക്ക് പരിശീലനം ലഭ്യമാക്കാനോ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. രണ്ടുനിലകളിലായി നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിലെ വാതിലുകളടക്കമുള്ളവ നശിച്ച നിലയിലാണ്. കെട്ടിടത്തിന് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ഗേറ്റൊന്ന് തകർന്ന് കിടക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒമ്പത് വർഷം പിന്നിട്ടെങ്കിലും കെട്ടിടത്തിലേക്കാവശ്യമായ വൈദ്യുതിയും വെള്ളവും എത്തിക്കാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. വ്യവസായ പരിശീലന കേന്ദ്രത്തിൽ മൂന്നുവർഷം മുമ്പ് പത്ത് തയ്യിൽ മെഷീനുകൾ കൊണ്ടുവന്നിട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ യാതൊരു ഗുണവും ഉണ്ടായില്ല. കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറി അവ നശിച്ചുപോയിട്ടുണ്ടാകുമെന്നും നാട്ടുകാർ പറഞ്ഞു. കോമ്പൗണ്ടിനകത്ത് രണ്ട് കിണറുകൾ ഉണ്ട്. നല്ലവണ്ണം വെള്ളം ലഭിക്കുന്ന കിണർ ഉള്ളപ്പോൾ തന്നെ മറ്റൊരു കിണർ കൂടി നിർമ്മിക്കുകയായിരുന്നു. ഇതിൽ നിന്നും കോളനി നിവാസികൾക്ക് വെള്ളം എടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ആരും ഉപയോഗിക്കുന്നില്ലെന്നും അവർ പറഞ്ഞു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ഇത്തരം സംരംഭങ്ങൾ പ്രവർത്തനക്ഷമമാക്കാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനിതാക്ഷേമം ലക്ഷ്യമാക്കി നിർമ്മിച്ച പരിശീലനകേന്ദ്രത്തെ പുനരുജ്ജിവിപ്പിക്കാൻ വനിതകൾ ഭരണം കൈയ്യാളുന്ന നഗരസഭയ്ക്ക് സാധിക്കുന്നില്ലെന്നത് അപഹാസ്യമാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.