തൃശൂർ: നവകേരളസദസിനു രണ്ടുലക്ഷം രൂപ നൽകാനുള്ള മേയറുടെ നീക്കം പാളി. കോൺഗ്രസും ബി.ജെ.പിയും കൗൺസിൽ യോഗത്തിൽ എതിർത്തതോടെ അജൻഡ മാറ്റിവച്ച് മേയർ തടിതപ്പി. പ്രതിപക്ഷത്ത് 30 പേരുള്ളതിനാൽ വോട്ടിനിട്ടാൽ പരാജയം ഉറപ്പായിരുന്നു. വിയോജിപ്പ് രേഖപ്പെടുത്താൻ ഇരുപാർട്ടികളുടെയും ജില്ലാനേതൃത്വം കൗൺസിലർമാർക്ക് നിർദേശം നൽകിയിരുന്നു.
തൃശൂർ, ഒല്ലൂർ നിയോജക മണ്ഡലം സംഘാടക സമിതികൾക്ക് രണ്ടുലക്ഷം രൂപ നൽകുന്ന വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയത് അവസാനം ചർച്ചയ്ക്കെടുക്കാൻ നിശ്ചയിച്ച് പൊതുവിഷയത്തിൽ ചർച്ച വലിച്ചുനീട്ടി. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഉച്ചഭക്ഷണസമയം വരെ പൊതുചർച്ചയായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തനതുഫണ്ടിൽ നിന്നു തുക നൽകാനായിരുന്നു ഭരണപക്ഷനീക്കം.

എന്നാൽ കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ എതിർക്കുന്നതായി അറിയിച്ചപ്പോൾ അജൻഡ മാറ്റിയെന്ന് മേയർ എം.കെ. വർഗീസ് വ്യക്തമാക്കി. പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, കൗൺസിലർമാരായ മുകേഷ് കുളപ്പറമ്പിൽ, ഐ. സതീഷ്‌കുമാർ, അനീസ് അഹമ്മദ്, കെ. രാമനാഥൻ, ഡോ. വി. ആതിര, സി.പി. പോളി, ഇ.വി. സുനിൽരാജ്, വിനീഷ് തയ്യിൽ തുടങ്ങിയവരും സംസാരിച്ചു.


കോർപറേഷൻ സെക്രട്ടറിക്കെതിരെ നടപടിക്ക് ശുപാർശ

അമൃത് കുടിവെള്ള പദ്ധതിയിൽ അഴിമതി ആരോപിച്ച കോർപറേഷൻ സെക്രട്ടറിക്കെതിരെ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷിന് കത്ത് നൽകിയതായി മേയർ അറിയിച്ചു. കോർപറേഷൻ സെക്രട്ടറിയായിരുന്ന ആർ. രാഹേഷ്‌കുമാർ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആരോപിച്ചെന്നാണ് കുറ്റപ്പെടുത്തൽ.

സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും അതല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മന്ത്രിയെ അറിയിച്ചിട്ടുണ്ട്. അഴിമതി സംബന്ധിച്ച് സെക്രട്ടറി നേരത്തെ പ്രിൻസിപ്പൽ ഡയറക്ടർക്ക് കത്തയച്ചത് വൻ വിവാദമായിരുന്നു. അമൃത്പദ്ധതിയിൽ 20 കോടിയിലധികം രൂപയുടെ അഴിമതി നടന്നതായാണ് ആരോപിച്ചത്. മേയറും ചില കൗൺസിലർമാരും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും രാഹേഷ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലാണ് മേയർ വിശദീകരണം നൽകിയത്. വസ്തുതകൾ വളച്ചൊടിച്ചതായും മേയർ പറഞ്ഞു.


ഒരു സെക്രട്ടറി ചരിത്രത്തിൽ ആദ്യമായാണ് മേയർക്കെതിരെ കത്ത് നൽകുന്നത്. മേയർ അടക്കമുള്ള സംഘം സെക്രട്ടറിയുടെ പാസ്‌വേഡ് ദുരുപയോഗിച്ച് കോർപറേഷന്റെ പേരിൽ കത്തുകൾ അയച്ചിട്ടുണ്ട്.
- രാജൻ പല്ലൻ, പ്രതിപക്ഷ നേതാവ്

സംഭവത്തെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. അമൃത് പദ്ധതിയിലാണ് അഴിമതി നടത്തിയിരുന്നത്.
- വിനോദ് പൊള്ളാഞ്ചേരി, ബി.ജെ.പി പാർലമെന്ററി പാർട്ടി


അനധികൃത ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കുന്നതിനും ബോർഡുകൾ, ബാനറുകൾ മുതലായവ നടുവിലാൽ, മേനാച്ചേരി കെട്ടിടത്തിനു സമീപം, മോഡൽ ഗേൾസ് സ്‌കൂളിനു സമീപം തുടങ്ങിയ 3 സ്ഥലങ്ങളിൽ നിയമാനുസൃത ഫീസ് ഈടാക്കി നിശ്ചിത ദിവസത്തേക്ക് അനുമതി നൽകുന്നതിനും തീരുമാനിച്ചു.
- എം.കെ.വർഗീസ് , മേയർ