news-photo-

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അംഗുലീയാങ്കം കൂത്ത് തുടങ്ങി. മണ്ഡലകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തുന്നതാണ് അംഗുലീയാങ്കം കൂത്ത്. ചാക്യാർ ഹനുമാൻ വേഷത്തിലാണ് രാമായണകഥ ആംഗ്യഭാഷയിലൂടെ അവതരിപ്പിക്കുക. അംഗുലീയാങ്കം കൂത്ത് ക്ഷേത്രം കൂത്തമ്പലത്തിൽ 12 ദിവസമാണ് നടക്കുക.

ശ്രീലകത്തുനിന്ന് നൽകിയ അഗ്‌നി കൂത്തമ്പലത്തിലെ മണ്ഡപവിളക്കിൽ പകർന്നതോടെയായിരുന്നു തുടക്കം. കുട്ടഞ്ചേരി സംഗീത് ചാക്യാർ 'തലയിൽ കെട്ടി' കൂത്തിന് പുറപ്പാട് തുടങ്ങി. കൂത്തിനിടെ ഹനുമാൻ കൂത്തമ്പലത്തിന്റെ പടിയിറങ്ങി, കുത്തുവിളക്കിന്റെ അകമ്പടിയിൽ നാലമ്പലത്തിൽ പ്രവേശിച്ചു.

സോപാനപ്പടികൾ കയറി മണിയടിച്ച് വണങ്ങിയ ഹനുമാന്, മേൽശാന്തി ശ്രീനാഥ് നമ്പൂതിരി തീർത്ഥവും, ചന്ദനം, പൂവ്, കളഭ പ്രസാദവും നൽകി. ഹനുമാന് മാത്രമാണ് ഗുരുവായൂർ ശ്രീലകത്തുനിന്ന് മേൽശാന്തി നേരിട്ട് പ്രസാദം നൽകുക. സോപാനത്തുകയറി മണിയടിച്ച് തൊഴാൻ ഹനുമാൻ വേഷധാരിയായ ചാക്യാർക്ക് മാത്രമാണ് അവകാശം.