ചെന്ത്രാപ്പിന്നി : മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്ത് അഗതി മന്ദിരത്തിലാക്കി. എടത്തിരുത്തി സ്വദേശി എരണേഴത്ത് വീട്ടിൽ ഗീതയെയാണ് (58) സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് ജീവജ്യോതി അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. അച്ഛനും അമ്മയും മരിച്ച ശേഷം മാനസികമായി തളർന്ന നിലയിലായിരുന്ന ഗീതയെ സഹോദരങ്ങളാണ് സംരക്ഷിച്ചിരുന്നത്. പിന്നീട് ഒറ്റയ്ക്കായതോടെ ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെടുകയും ഗീതയെ അഗതി മന്ദിരത്തിൽ പ്രവേശിപ്പിക്കാമെന്ന് തീരുമാനമെടുക്കുകയുമായിരുന്നു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ഫൽഗുണൻ, സാമൂഹ്യ നീതി വകുപ്പ് ഓഫീസർ കെ. ആർ പ്രദീപൻ, സാമൂഹ്യ നീതി വകുപ്പ് ഓർഫനേജ് കൗൺസിലർ ദിവ്യ അഭീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഗീതയെ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്.