വടക്കാഞ്ചേരി: കേരളകൗമുദി വാർത്ത തുണയായി, സൂസിയുടെ ചികിത്സാച്ചെലവ് അമ്മ ചാരിറ്റബിൾ സൊസൈറ്റി വഹിക്കും. ഇരുവൃക്കകളും തകരാറിലായ തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ മുരിങ്ങ തറയിൽ വീട്ടിൽ സിബിയുടെ ഭാര്യ സൂസിക്ക് ഡയാലിസിസിന് പണമില്ലാത്ത അവസ്ഥ കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അമ്മ ചാരിറ്റബിൾ സൊസൈറ്റി ചികിത്സാച്ചെലവ് ഏറ്റെടുക്കുന്നത്.
ഇവരുടെ ചികിത്സയ്ക്ക് പുറമെ മരുന്നും ഭക്ഷണവും നൽകുമെന്നും സൊസൈറ്റി അറിയിച്ചിട്ടുണ്ട്. അമ്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കുമാരി കൃഷ്ണൻകുട്ടി, സെക്രട്ടറി ഓമന വർഗീസ്, ട്രഷറർ പങ്കജം കൃഷ്ണൻകുട്ടി, സാമൂഹിക പ്രവർത്തകനായ വി. അനിരുദ്ധൻ എന്നിവർ സൂസിയുടെ വസതിയിലെത്തി പണം കൈമാറി. സൂസിക്ക് മുഴുവൻ സമയവും ഒരാൾ അടുത്ത് വേണമെന്നതിനാൽ ഭർത്താവ് സിബിക്കും ജോലിക്ക് പോവാൻ കഴിഞ്ഞിരുന്നില്ല.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സിബി ഇയാൾക്ക് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്. ഒരു തവണ ഡയാലിസിസ് ചെയ്യണമെങ്കിൽ എല്ലാ ചെലവും ഉൾപ്പെടെ 2000 രൂപയോളം വരും. ഇതിന് പണമില്ലാതെ വന്നപ്പോഴാണ് കുടുംബം നാട്ടുകാർക്ക് മുമ്പിൽ കൈ നീട്ടാൻ തുടങ്ങിയത്. രമ്യ ഹരിദാസ് എം.പിക്കും നവകേരള സദസിലും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.