ഗുരുവായൂർ: ശ്രീകൃഷ്ണ ഭക്തയായിരുന്ന കുറൂരമ്മയുടെ ജീവിതം ഇതിവൃത്തമാക്കി 'കുറൂരമ്മയും കൃഷ്ണനും' എന്ന പ്രത്യേക നൃത്താവിഷ്‌കാരം ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഇന്ന് അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്ത മോഹിനിയാട്ടം നർത്തകിയും ദൂരദർശൻ, ഐ.സി.സി.ആർ കലാകാരിയും കൃഷ്ണഭക്തയുമായ സുധാ പീതാംബരനാണ് അര മണിക്കൂർ നീളുന്ന സോളോ മോഹിനിയാട്ട പരിപാടി അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് ഒന്നിനാണ് നൃത്താവിഷ്‌കാരം അരങ്ങേറുക.

കാലടി ശ്രീശങ്കരാ സ്‌കൂൾ ഒഫ് ഡാൻസ് ഡയറക്ടർ സുധ പീതാംബരനെ കൂടാതെ, സീനിയർ അദ്ധ്യാപിക അക്ഷര വി.ആർ, കൾച്ചറൽ അംബാസഡറും സീനിയർ അദ്ധ്യാപികയുമായ അനില ജോഷി, അദ്ധ്യാപികമാരായ ദേവപ്രിയ ജി. അഖില ശിവൻ എന്നിവർ സോളോ നൃത്തപരിപാടികൾ അവതരിപ്പിക്കും. ശ്രീകുമാർ ഊരകം (വായ്പാട്ട്), ആർ.എൽ.വി വേണു കുറുമശ്ശേരി (മൃദംഗം), പി.ബി. ബാബുരാജ് (വയലിൻ ആൻഡ് സ്‌പെഷ്യൽ ഇഫക്ട്). എ.കെ. രഘുനാഥൻ (പുല്ലാങ്കുഴൽ). അനില ജോഷി, രഹന നന്ദകുമാർ, അനുപമ അനിൽകുമാർ (നട്ടുവാങ്കം), സുരേന്ദ്രൻ ഊരകം (ചമയം) എന്നിവരാകും പിന്നണിയിലുള്ളത്. പ്രൊഫ. പി.വി. പീതാംബരനാണ് ഏകോപനം. വാർത്താ സമ്മേളനത്തിൽ പ്രൊഫ. പി.വി. പീതാംബരൻ, ഡോ. സി.പി. ഉണ്ണിക്കൃഷ്ണൻ, നർത്തകിമാരായ സുധാ പീതാംബരൻ, അനില ജോഷി, അനുപമ അനിൽകുമാർ എന്നിവർ പങ്കെടുത്തു.