ചാലക്കുടി: അതിരപ്പിള്ളി വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പിയും സനീഷ്‌കുമാർ ജോസഫ് എം.എൽ.എയും ചേർന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡിക്ക് നിവേദനം നൽകി.
വിനോദസഞ്ചാര കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യം അന്താരാഷ്ട്ര നിലവാരത്തോടെ നവീകരിക്കുന്നതിന് നിർദ്ദേശങ്ങൾ അളടങ്ങിയ പ്രോജക്ടും റിപ്പോർട്ടും മന്ത്രിക്ക് കൈമാറി.
സഞ്ചാരികൾക്ക് പാരിസ്ഥിതിക വിദ്യാഭ്യാസം നൽകുന്ന പരിപാടികളും പാക്കേജുകളും ഒരുക്കുക, നടപ്പാത നിർമ്മാണം, അനുയോജ്യമായ ഇടങ്ങൾ കണ്ടെത്തി ക്യാമ്പിംഗ് സൗകര്യം തയ്യാറാക്കുക, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും അതിരപ്പിള്ളി വെള്ളച്ചാട്ടം വരെ വാഹനങ്ങളും സൗകര്യങ്ങളും ഒരുക്കുക തുടങ്ങിയവയാണ് മന്ത്രിക്ക് കൈമാറിയ പ്രോജക്ട് റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ.
വിനോദസഞ്ചാര കേന്ദ്രത്തിന്റെ പാരിസ്ഥിതിക സാഹചര്യങ്ങൾക്ക് ദോഷകരമാകാത്ത വിധത്തിലുള്ള വികസനപരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
- സനീഷ്‌കുമാർ ജോസഫ് എം.എൽ.എ