
തൃശൂർ : കലയുടെ അതിമധുരത്തോടെ മൂന്നാം ദിനം ആസ്വാദകർക്ക് നിറസമൃദ്ധി. കൊട്ടിക്കയറി ചെണ്ടമേളവും നാദതാള ലയത്തിൽ ആറാടി പഞ്ചവാദ്യവും ചടുലച്ചുവടോടെ സംഘനൃത്തവുമെല്ലാം ഇന്നലെ നിറഞ്ഞുനിന്നു. സംഘാടക വീഴ്ച മുഴുനീളെ നിറഞ്ഞുനിന്നെങ്കിലും പ്രതിഭകൾ തങ്ങളുടെ കലാപ്രകടനത്തോടെ വിരുന്നൊരുക്കി. മത്സരങ്ങൾ അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ ഉപജില്ലകൾ തമ്മിൽ കടുത്തമത്സരമാണ്. നൂറിലേറെ ഇനങ്ങളിലായി നാലായിരത്തിലേറെ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
മുഴുനീളെ പിടിപ്പുകേട്
ഉദ്ഘാടന വേദിയിൽ ക്ഷണം സ്വീകരിച്ചെത്തിയവരെ അപമാനിച്ച് സംഘാടകർ. ചടങ്ങിന് മോടികൂട്ടാൻ ഫ്യൂഷൻ അവതരിപ്പിക്കാനെത്തിയ തൃശൂർ വിവേകോദയം സ്‌കൂളിലെ വൃന്ദവാദ്യം കുട്ടി കലാകാരന്മാരെയാണ് പരിപാടിക്കിടെ മര്യാദയില്ലാതെ ഇറക്കിവിട്ടത്. പ്രധാന വേദിയായ ഹോളി ഫാമിലി സ്‌കൂളിൽ രാവിലെ പത്തിനാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.
രാവിലെ ഒമ്പത് മുതൽ ഹൈസ്‌കൂൾ വയലിൻ പാശ്ചാത്യം മത്സരം തുടങ്ങേണ്ടതായിരുന്നു. എന്നാൽ ഉദ്ഘാടനച്ചടങ്ങിനായി ഒഴിച്ചിട്ട വേദിയിൽ ഉദ്ഘാടകനായ എം.എൽ.എയെത്തും വരെ ഫ്യൂഷൻ അവതരിപ്പിക്കാൻ അവസരം കൊടുത്തു.
തലേദിവസം രാത്രിയിൽ വാദ്യോപകരണങ്ങൾ സ്‌കൂളിലെത്തിച്ച് രാവിലെ എട്ടിന് വേദിയിലെത്തിയ ഫ്യൂഷൻ ടീമിനായി മൈക്ക് ഒരുക്കിക്കഴിഞ്ഞപ്പോഴേക്കും ഉദ്ഘാടകനെത്തി. പിന്നീട് വൈകി നടന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷമാണ് ഫ്യൂഷൻ അവതരണം തുടങ്ങിയത്. സമയം പന്ത്രണ്ടരയായതോടെ മത്സരാർത്ഥികളുടെ ചില രക്ഷിതാക്കൾ പരാതിയുമായെത്തി. ഇതോടെ സംഘാടകർ ബഹളം വച്ച് ഫ്യൂഷൻ പകുതിക്ക് നിറുത്തിച്ചു. ഇതേവേദിയിൽ വൈകിട്ട് വൃന്ദവാദ്യം ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി മത്സരങ്ങളിൽ പങ്കെടുക്കാനുള്ള വേദിയിലാണ് അപമാനത്തിനിരയായത്.
പ്രധാനവേദിയിൽ മുഖ്യമത്സരങ്ങൾക്ക് ഇടം കൊടുക്കാതിരുന്നതും പ്രതിഷേധത്തിന് ഇടയാക്കി. പ്രധാനവേദിയിൽ നൃത്ത ഇനങ്ങൾക്കാണ് പ്രാധാന്യം കൊടുക്കാറെങ്കിലും ഇന്നലെ വയലിനും ട്രിപ്പിളും ജാസും വൃന്ദവാദ്യവുമാണ് അരങ്ങേറിയത്. സേക്രഡ് ഹാർട്ട് സ്‌കൂളിൽ സംഘനൃത്തം നടക്കുന്ന വേദിക്ക് ഏതാനും മീറ്റർ അകലെയായിരുന്നു ലളിതഗാന മത്സരം.
വേദികൾ തമ്മിൽ അകലമില്ലാതായതോടെ ശബ്ദങ്ങൾ വേദികളെ പരസ്പരം അലോസരപ്പെടുത്തുന്ന അവസ്ഥയായി. ഇതുമൂലം സംഘനൃത്തത്തിന് ശബ്ദം കൂട്ടിവയ്ക്കാൻ സാധിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കി. യു.പി വിഭാഗം സംഘനൃത്തത്തിനിടെ മുള്ളൂർക്കര എ.എസ്.എം.എൻ.എസ്.എസ് യു.പി സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പ്രതിഷേധവുമായെത്തിയതോടെ മത്സരം നിറുത്തിവയ്‌ക്കേണ്ടിയും വന്നു. സംഘാടകരിൽ ചിലർ പ്രകോപനപരമായി സംസാരിച്ചെന്നും ആക്ഷേപമുണ്ടായി.