തൃശൂർ : ഓണക്കാഴ്ചകൾക്ക് കാവ്യഭാവം നൽകി മിമിക്രി വേദിയിൽ ഒന്നാം സ്ഥാനം നേടി ബംഗാളി പെൺകുട്ടി നസ്മിൻ അബ്ദുൾകരീം. മഹാബലി കാണുന്ന വിവിധ കാഴ്ചയിലൂടെയാണ് നസ്മിൻ കൈയടി നേടിയത്. ജന്മം കൊണ്ട് ബംഗാൾ സ്വദേശിനിയായ നസ്മിൻ ചെറുപ്പത്തിലേ കേരളത്തിൽ വന്ന് മലയാളം പഠിച്ചു. മിമിക്രി വേദിയിലെ സ്ഥിരം ഇനങ്ങൾ മാറ്റി മറിച്ച് പ്രകൃതിയിലെ ശബ്ദങ്ങളാണ് നസ്മിൻ അവതരിപ്പിച്ചത്. മലയാളം നന്നായി സംസാരിക്കാൻ അറിയാത്തതിനാൽ നസ്മിൻ പലരിൽ നിന്നും പരിഹാസങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നു.
ഇതിനിടയിലാണ് പരിശീലകനായ ഹാഷിം കടൂപ്പാടത്ത് എന്ന ഒപ്പന മാഷിനെ പരിചയപ്പെടുന്നത്. 12 വർഷമായി കലോത്സവ വേദിയിൽ മാപ്പിള കലകളിലും തിയേറ്റർ കലാരൂപങ്ങളിലും സ്‌കൂൾ, യൂണിവേഴ്‌സിറ്റി മത്സരങ്ങളിലെ പരിശീലകനാണ് ഹാഷിം. മിമിക്രിയുടെ രചന നിർവഹിച്ചതും പരിശീലനം നൽകിയതും അദ്ദേഹമാണ്. ഒമ്പത് വർഷമായി ആലുവയിൽ ചരിത്ര അദ്ധ്യാപകനായിരുന്ന അദ്ദേഹം ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ ഇന്റർ നാഷണൽ ബിസിനസിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനിടയിലാണ് വാട്‌സ് ആപ്പ് വഴി നസ്മിന് പരിശീലനം നൽകിയത്. കഴിഞ്ഞ കലോത്സവത്തിന് ഒപ്പന പരിശീലകനായി മറ്റൊരു സ്‌കൂളിലെത്തിയ ഹാഷിം നസ്മിന്റെ കഴിവ് അന്നേ തിരിച്ചറിഞ്ഞിരുന്നു. ആ വർഷം അദ്ദേഹം ലണ്ടനിലേക്ക് പോകുന്ന തിരക്കിലായതിനാൽ പരിശീലനം ഈ വർഷത്തേക്ക് മാറ്റി. കന്നി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച നസ്മിൻ, മേലഡൂർ ജി.എസ്.എച്ച്.എസ്.എസ് സ്‌കൂളിലെ ഒന്നാം വർഷ സയൻസ് വിദ്യാർത്ഥിനിയാണ്. അന്നമനട വെണ്ണൂർ സ്വദേശികളായ മുക്കൻ വീട്ടിൽ പരേതനായ അബ്ദുൽ ഹക്കീം സഫിയ അബ്ദുൽ ഹക്കീം ദമ്പതികളുടെ മകളാണ്.