pen

തൃശൂർ: തൃശൂർ പാലസ് റോഡിലെ പെൻ ഹോസ്പിറ്റലിൽ 'പേനകളുടെ ഡോക്ടർ' നാസർ (65) അമ്പത് വർഷംകൊണ്ട് നന്നാക്കിയത് അഞ്ച് ലക്ഷത്തോളം പേനകൾ. പതിനഞ്ചാം വയസിൽ തുടങ്ങിയതാണ് ചികിത്സ. മനുഷ്യരായ രോഗികൾക്കും ചിലപ്പോൾ നാസറിന്റെ ചികിത്സ ഏൽക്കും. പേനയിലൂടെയാണ് ചികിത്സയെന്ന് മാത്രം. പ്‌ളാസ്റ്റിക് പേനകൾ ചിലർക്ക് വിരലുകളുടെ തൊലിപ്പുറത്ത് അലർജിയുണ്ടാക്കും. കാൻസറിന് കീമോ ചെയ്ത ചിലർക്ക് കൈവിറയൽ കാരണം എഴുതാനും ബുദ്ധിമുട്ടാകും. പെൻ ഹോസ്‌പിറ്റൽ ഉടമ നാസറിനെ കാണാനാകും ഡോക്ടർമാർ ഉപദേശിക്കുക.

അലർജിയുള്ളവർക്ക് തുകലുള്ളതും കൈവിറയുള്ളവർക്ക് ഒഴുക്കോടെയും എഴുതാൻ പ്രത്യേകം പേന നിർദ്ദേശിക്കും. 1937ൽ നാസറിന്റെ പിതാവ് അബ്ദുള്ള തുടങ്ങിയതാണ് ഹോണസ്റ്റ് പെൻ ഹോസ്പിറ്റൽ. ജോലി തേടി പിതാവ് കൊൽക്കത്തയിലെത്തിയപ്പോഴാണ് പേനകളുടെ അറ്റകുറ്റപ്പണി പഠിച്ചത്. അക്കാലത്ത് ഒരു പേന ദീർഘകാലം ഉപയോഗിക്കണം. അതുമനസിലാക്കിയാണ് സ്ഥാപനം തുടങ്ങിയത്. പത്താം ക്‌ളാസിന് ശേഷം നാസറും ഒപ്പം കൂടി.

സർവീസ് സൗജന്യം. ഭാഗങ്ങൾ മാറ്റേണ്ടി വന്നാലേ പണം നൽകേണ്ടൂ. ബാപ്പയുടെ ശീലം മകനും തുടരുന്നു. സാഹിത്യ അക്കാഡമിക്ക് സമീപത്തുള്ള സ്ഥാപനത്തിൽ പ്രമുഖ എഴുത്തുകാരും നല്ല പേന തെരഞ്ഞെത്തും. അബ്ദുള്ള 2010ൽ മരിച്ചു. നാസറിന്റെ ഭാര്യ: ഷാജിത. മക്കൾ: ഡോ.അൻസാർ, ഡോ.അനസ്.

അബ്ദുൾ കലാമിന്റെ പേനയും

നാസർ ചികിത്സിച്ചതിൽ ജർമ്മനി, അമേരിക്ക, അയർലൻഡ് എന്നിവിടങ്ങളിലെ രാജകീയ പ്രൗഢിയുള്ള പേനകളുമുണ്ട്. രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൾകലാമിന് ഫ്രഞ്ച് പ്രസിഡന്റ് സമ്മാനിച്ച പേന എറണാകുളത്ത് പരിപാടിക്കിടെ താഴെ വീണ് കേടായപ്പോഴും നാസറിന്റെ ചികിത്സ വേണ്ടിവന്നു.

40,000 രൂപയിലേറെ വിലയുള്ള ജർമനിയിലെ മൗണ്ട് ബ്‌ളാങ്കും നന്നാക്കിയിട്ടുണ്ട്. റഷ്യൻ മലയാളിയാണ് തൃശൂർ സ്വദേശിയുടെ പക്കൽ ഇത് കൊടുത്തയച്ചത്. ഈ ബ്രാൻഡിലുള്ള പേനയാണ് റഷ്യൻ പ്രസിഡന്റ് ഗോർബച്ചേവ് ഉപയോഗിച്ചിരുന്നത്.

നല്ല പേനയുണ്ടെങ്കിൽ നല്ല ആശയങ്ങളുമുണ്ടാകും. കൈയക്ഷരവും നന്നാകും. പേനയെ സ്‌നേഹിച്ചാൽ അത് തിരിച്ചും സ്‌നേഹിക്കും.

-നാസർ