മാള: ശനിദശ മാറാതെ വന്നതോടെ മാള ഗസ്റ്റ് ഹൗസിന് വീണ്ടും റെസ്റ്റ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ഗസ്റ്റ് ഹൗസിനാണ് വീണ്ടും താഴ് വീണത്. കൊവിഡ് കാലത്ത് കരാറുകാരന് ലക്ഷങ്ങളുടെ നഷ്ടം വന്നതിനെത്തുടർന്ന് നടത്തിപ്പ് അവസാനിപ്പിച്ചിരുന്നു. പിന്നീട് 2022 ഡിസംബർ എട്ട് മുതൽ ചാലക്കുടിയിലെ ഒരു സംരംഭകൻ ടെൻഡറിലൂടെ 11 മാസത്തേക്ക് നടത്തിപ്പ് ഏറ്റെടുത്തു.

പ്രതിമാസം 36,000 രൂപയോളം വാടകയ്ക്ക് 11 മാസത്തേക്കുള്ള മുഴുവൻ സംഖ്യയും വാങ്ങിയ ശേഷമാണ് പുതിയ കരാറുകാരന് നടത്തിപ്പ് നൽകിയത്. പുതിയ കരാറുകാരൻ ഗസ്റ്റ് ഹൗസ് ഏറ്റെടുക്കുമ്പോൾ രണ്ടുവർഷത്തോളം അടഞ്ഞുകിടന്നതിനാൽ ജീർണാവസ്ഥയിലായിരുന്നു. ചുമരിലെയും സീലിംഗിലെയും പൂപ്പലെല്ലാം ചുരണ്ടി അഞ്ചു കോട്ട് പെയിന്റ് അടിച്ച ശേഷമാണ് ചുമർ വൃത്തിയാക്കിയത്.

കൂടാതെ ഇലക്ട്രിക്കൽ, പ്ലംബിംഗ് അറ്റകുറ്റപ്പണികൾ എല്ലാം നടത്തിയിരുന്നു. 22 ലക്ഷം രൂപ മരാമത്ത് പണികൾക്ക് മാത്രം ചെലവഴിച്ച ശേഷമാണ് ഗസ്റ്റ്ഹൗസ് പ്രവർത്തന സജ്ജമാക്കിയതത്രെ. ഭീമമായ ചെലവുകൾ കരാറുകാർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വേനൽ കടുത്തതോടെ കിണറിലെ വെള്ളം മോശമായി. വെള്ളത്തിൽ അയൺ കണ്ടന്റും സൾഫറും അധികമായി ഉപയോഗിക്കാനാകാത്ത അവസ്ഥയിലായി.

ആദ്യം അയൽവാസികൾ നൽകിയ വെള്ളം കൊണ്ട് ഗസ്റ്റ് ഹൗസ് നടത്താൻ നോക്കിയെങ്കിലും വിജയിച്ചില്ല. ഗസ്റ്റ് ഹൗസിനോട് ചേർന്നുള്ള
മാള കുളത്തിന്റെ ഭിത്തി കെട്ടാൻ കുളം മുഴുവനായി വറ്റിച്ചതോടെ 60 ദിവസം കിണറിൽ നിന്ന് ഒട്ടും തന്നെ വെള്ളം കിട്ടാതെയായി. പിന്നീടുള്ള ദിവസങ്ങളിൽ വെള്ളത്തിന് മാത്രം 1.20 ലക്ഷം രൂപ ചെലവഴിക്കേണ്ടി വന്നെന്ന് കരാറുകാരൻ പറയുന്നു.

മഴക്കാലം തുടങ്ങിയതോടെ മുറികൾ ചോർന്നൊലിക്കാനും പെയിന്റ് ഇളകാനും തുടങ്ങിയതോടെ താമസക്കാരുടെ ദേഹത്ത് വീഴാൻ തുടങ്ങി. ഇതോടെ ആരും മുറിയെടുക്കാതെയായി. ചുമരിൽ വെള്ളം ഇറങ്ങിയതോടെ വൈദ്യുതി ചോർച്ചയും അധിക ബില്ലും വന്നുതുടങ്ങി. നടത്തിപ്പ് കരാറുകാരന് താങ്ങാനാകാതെ വന്നതോടെ നവംബർ എട്ടിന് ടൂറിസം പ്രമോഷൻ കൗൺസിലിന് ഗസ്റ്റ് ഹൗസ് മടക്കിക്കൊടുത്തു.

2018ലെ പ്രളയത്തിൽ വീണ കോമ്പൗണ്ട് വാൾ പോലും ശരിയാക്കാൻ ടൂറിസം പ്രമോഷൻ കൗൺസിൽ ഇതുവരെ തയ്യാറായിട്ടില്ല. ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള മാളയിൽ ഗസ്റ്റ് ഹൗസ് നല്ല രീതിയിൽ പുതുക്കിപ്പണിയുകയും കുടിവെള്ളസൗകര്യം ഒരുക്കി മിതമായ വാടകയ്ക്ക് സംരംഭകർക്ക് നൽകിയാൽ മാത്രമേ നടത്താനാകൂവെന്നാണ് പഴയ കരാറുകാരൻ പറയുന്നത്.