തൃശൂർ: വെള്ളിയാഴ്ച രാത്രി പെയ്ത മഴയും പ്രതീക്ഷിച്ചതിലേറെയുള്ള അപ്പീലുകളും ജില്ലാ കലോത്സവ മത്സരങ്ങളുടെ താളം തെറ്റിച്ചു. പല മത്സരങ്ങളും മണിക്കൂറൂകളോളം വൈകി. ഇതോടെ മത്സരാർത്ഥികളും തളർന്നു. വെള്ളിയാഴ്ച അരങ്ങേറിയ വൃന്ദവാദ്യം ഇന്നലെ വെളുപ്പിന് ആറോടെയാണ് അവസാനിച്ചത്. മഴ കാരണം എല്ലാ വേദികളിലും രാത്രി 11ന് ശേഷം ഏറെ വൈകി മാത്രമാണ് മത്സരം തുടങ്ങിയത്. ഇതിനിടെ മത്സരങ്ങൾ പലതും പല സ്റ്റേജുകളിലേക്ക് മാറ്റിയതും മത്സരക്രമങ്ങളുടെ താളം തെറ്റിച്ചു. പ്രധാന വേദികളിലൊന്നായ ഗവ.മോഡൽ ബോയ്‌സ് സ്‌കൂളിൽ വിധികർത്താക്കൾ ഇരിക്കുന്ന ഭാഗത്ത് വെള്ളം കയറി. ഇതു മൂലം രാത്രി ഏറെ വൈകിയാണ് മത്സരം തുടങ്ങിയത്. ഒന്നാം വേദിയായ ചെമ്പൂക്കാവ് ഹോളി ഫാമിലി സ്‌കൂളിൽ മൈക്ക് ഓപ്പറേറ്ററെത്താത്തതിനാൽ നാടോടി നൃത്ത മത്സരം വൈകി. മത്സരങ്ങൾ വൈകിയതിനാൽ ഇന്നലെ രാവിലെ ആറിന് മാത്രമാണ് മൈക്ക് ഓപ്പറേറ്റർ പോയത്. മൈക്ക് ഓപ്പറേറ്റർ ഇല്ലാത്തതിനാൽ രാവിലെ 9ന് തുടങ്ങേണ്ട മത്സരം രണ്ട് മണിക്കൂർ വൈകി. മേക്കപ്പിട്ട മത്സരാർത്ഥികൾ ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്നു. മുന്നൊരുക്കങ്ങൾ പാളിയതിൽ അദ്ധ്യാപക സംഘടനകളും രക്ഷിതാക്കളും പ്രതിഷേധിച്ചിരുന്നു. മത്സരവേദിയായ ഹോളി ഫാമിലി സ്‌കൂളിൽ കർട്ടൻ ഉയർത്താൻ വരെ ആളില്ലെന്നും പരാതി ഉയർന്നു. മത്സരങ്ങൾ കാണാനും കാണികൾ കുറഞ്ഞു. എന്നാൽ സംഘനൃത്തം കാണാൻ തിരക്കുണ്ടായിരുന്നു.