തൃശൂർ: വിധികർത്താക്കൾക്കെതിരെ പരാതി ഉയർന്നതിനെ തുടർന്ന് ഒന്നാം വേദിയിൽ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തം തടസപ്പെട്ടു. ഹോളിഫാമിലി എച്ച്.എസിലെ വേദിയിൽ ഹൈസ്‌കൂൾ വിഭാഗം നാടോടി നൃത്തം അരങ്ങേറാൻ തുടങ്ങുമ്പോഴാണ് മത്സരാർത്ഥിയായ വിദ്യാർത്ഥിനി സ്റ്റേജിന് മുന്നിലെത്തി വിധികർത്താവിനെതിരെ ആരോപണം ഉന്നയിച്ചത്. വിധികർത്താവിനെ മാറ്റാതെ സ്റ്റേജിൽ കയറില്ലെന്നും വിദ്യാർത്ഥി പറഞ്ഞു. തുടർന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും കൂട്ടം ചേർന്ന് വിധികർത്താവിനെ ചോദ്യം ചെയ്യാൻ തുടങ്ങി. തുടർന്ന് പൊലീസെത്തി ഇവരെ നീക്കം ചെയ്തു.
വെള്ളിയാഴ്ച രാത്രി നടന്ന ഹയർസെക്കൻഡറി വിഭാഗം സംഘനൃത്തത്തിലെ ഫല പ്രഖ്യാപനം ശരിയല്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ വാദം. സംഘ നൃത്തത്തിലെ ഗാനങ്ങളിൽ അക്ഷരസ്ഫുടത ഇല്ലെന്നായിരുന്നു വിധികർത്താവിന്റെ അഭിപ്രായം. എന്നാൽ സംസ്ഥാന കലോത്സവ മാനുവലിൽ പാട്ടിനെ കുറിച്ച് സൂചിപ്പിച്ചിട്ടില്ലെന്ന് മത്സരാർത്ഥികൾ പറഞ്ഞു. വേഷവിധാനം, വേഷത്തിന്റെ യോജിപ്പ്, താളം, ചലനം, അവതരണം, നർത്തകർ തമ്മിലുള്ള യോജിപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് വിധി നിർണയിക്കേണ്ടത്. സംഘനൃത്തത്തിന്റെ വീഡിയോ പരിശോധനയ്ക്ക് വിധേയമാക്കി പുനർനിർണയം നടത്തുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ നാടോടി നൃത്തം ഒരുമണിക്കൂർ വൈകി ആരംഭിച്ചു.