തൃശൂർ: കുട്ടികൾകളിൽ വായനാശീലം വളർത്താൻ പ്രവർത്തിക്കുന്ന 'പുസ്തകപ്പുര' കുട്ടികൾക്കായി പ്രസിദ്ധീകരണ വിഭാഗം തുടങ്ങുന്നു. നാലു മുതൽ എട്ട് വരെ ക്ലാസുകളിലുള്ള കുട്ടികളുടെ അഭിരുചിക്ക് ഇണങ്ങുന്ന രചനകൾ തയ്യാറാക്കിക്കൊടുത്താൽ പുസ്തകപ്പുര സൗജന്യമായി പ്രസിദ്ധീകരിക്കും. നോവൽ, കഥ, വൈജ്ഞാനിക സാഹിത്യം, യാത്രാ വിവരണം, ജീവചരിത്രം, ക്ലാസിക് കൃതികളുടെ പുനരാഖ്യാനം, കല, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളാകാം.

കുട്ടികൾക്ക് പ്രയോജനമുള്ളതും നൂറ് പേജിൽ താഴെയുള്ളതുമായ രചനകളാണ് ആവശ്യം. കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകങ്ങളായതിനാൽ ചിത്രീകരണം കൂടി നടത്തിത്തരികയാണെങ്കിൽ നന്നായിരിക്കുമെന്ന് ചെയർമാൻ ഡോ. എൻ.ആർ. ഗ്രാമപ്രകാശ് പറഞ്ഞു. എഴുത്തുകാരുടെയും വായനക്കാരുടെയും കൂട്ടായ്മയാണ് പുസ്തകപ്പുര, നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അവരവരുടെ വീടുകളിൽ വായനശാല ആരംഭിക്കാൻ 50 പുസ്തകം വീതം സൗജന്യമായി നൽകും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമായി 200 ഓളം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തു വരുന്നുണ്ട്.