k

കേരളത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ തുടങ്ങുന്നത് പരിഗണനയിലാണെന്ന് ഏറെ ശുഭപ്രതീക്ഷയോടെ കേന്ദ്രആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ, സംസ്ഥാന സർക്കാർ പ്രൊപ്പോസൽ സമർപ്പിക്കണം. അങ്ങനെയെങ്കിൽ കേന്ദ്ര ആയുഷ് മന്ത്രാലയം ഇത് നടപ്പിലാക്കുവാൻ തയ്യാറാണെന്ന് മന്ത്രി അസന്ദിഗ്ധമായി അടിവരയിട്ട് പറഞ്ഞത് രാജ്യസഭയിലാണ്. ഡോ. വി. ശിവദാസൻ എം.പി. ഈ ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.

ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായാൽ ഗുണങ്ങേളറെയുണ്ട്. ശാസ്ത്രീയമായി ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ മരുന്നുകൾ ഉത്പാദിപ്പിക്കാം. കൂടുതൽ ഗവേഷണങ്ങളിലൂടെ ശാസ്ത്രീയമായി ആയുർവേദ മരുന്നുകൾ ഉത്പാദിപ്പിച്ച് വിദേശത്തേക്ക് കയറ്റി അയക്കാനായാൽ കേരളത്തിന് സാമ്പത്തികലാഭമുണ്ടാക്കാം. കേരളത്തിൽ ആയുഷ് വിഭാഗം കൈകാര്യം ചെയ്യുന്നത് ആരോഗ്യവകുപ്പാണ്. മറ്റെല്ലാ വൈദ്യശാസ്ത്ര മേഖലയിലുമുള്ള പ്രവർത്തനം നടക്കുന്നതിനാൽ ആരോഗ്യവകുപ്പിന് ആയുഷ് പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ലഭിക്കുന്നില്ല. ആയുർവേദത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ സംസ്ഥാനത്ത് സ്വതന്ത്രചുമതലയുള്ള ആയുഷ് മന്ത്രി ഉണ്ടായാൽ കേരളത്തിൽ ഔഷധസസ്യകൃഷിക്ക് പുതിയ പദ്ധതികളുണ്ടാക്കാനാകും. അതുവഴി കർഷകർക്ക് കൂടുതൽ വരുമാനവും തൊഴിൽ സാദ്ധ്യതയും ഗുണനിലവാരമുള്ള ഔഷധസസ്യങ്ങളും ലഭിക്കും.

ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ വേറെ സ്ഥലവും അന്വേഷിക്കേണ്ടതില്ല. ഇടുക്കിയിൽ തുടങ്ങാനിരിക്കുന്ന ഗവ. ആയുർവേദ മെഡിക്കൽ കോളേജ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദയായി ഉയർത്താനാകും. അതുവഴി കൂടുതൽ ഗ്രാന്റുകൾ ലഭിക്കും. 100 കോടിയോളം വരെ കേന്ദ്ര ഫണ്ട് ലഭിക്കുമെന്നാണ് കരുതുന്നത്. ജൈവവൈവിദ്ധ്യത്താൽ സമൃദ്ധമായ ഇടുക്കിയെ ലോകോത്തര നിലവാരമുള്ള ഇക്കോ ടൂറിസം സെന്ററും ഗവേഷണകേന്ദ്രവുമാക്കി മാറ്റാനുമാകും. വിദേശപണം കേരളത്തിൽ എത്തുന്നതിനും വഴിയൊരുക്കും.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആയുർവേദ മേഖലയിൽ കൂടുതൽ തുക ചെലവഴിക്കുന്നത് കേരളമാണ്. പക്ഷേ, ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ശ്രമങ്ങളുണ്ടായില്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദയ്ക്കായി കേരളം പദ്ധതി സമർപ്പിക്കാത്തതു സംബന്ധിച്ച് മാസങ്ങൾക്ക് മുൻപ് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഗോവയിൽ എൻ.ഐ.എ നിലവിലുണ്ട്. അത് ഡൽഹി എൻ.ഐ.എ യുടെ ശാഖയാണ്.

എന്തുകൊണ്ടും

കേരളം അനുയോജ്യം

ആയുർവേദത്തിന്റെ ഈറ്റില്ലം മാത്രമല്ല, ആ മഹത്തായ ശാഖയെ പോറ്റിവളർത്തുന്നതും കേരളമാണ്. കേരളത്തിൽ അംഗീകൃത ആയുർവേദമരുന്ന് നിർമ്മാതാക്കൾ 650 ലേറെയുണ്ട്. രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് 20,000ലേറെ വരും. ഗവ. ആയുർവേദ ഡിസ്‌പെൻസറികളും ഏതാണ്ട് 815 എണ്ണമുണ്ട്. സ്വകാര്യമേഖലയിൽ ആശുപത്രികളും ഡിസ്പെൻസറികളും 2000ലേറെ വരും. ഗവ.ആയുർവേദ കോളേജ് മൂന്നെണ്ണമുണ്ട്. സ്വകാര്യമേഖലയിൽ 15 കോളേജുകളും. ലോകനിലവാരമുള്ള റിസോർട്ടുകൾ 30 ലേറെയാണ്. കേന്ദ്ര ആയുഷ് വകുപ്പിന്റെ ഗവേഷണസ്ഥാപനങ്ങൾ രണ്ടെണ്ണവും. ഇതിലൊന്ന് ചെറുതുരുത്തിയിലാണ്. മറ്റൊന്ന് തിരുവനന്തപുരത്തും.

കേരളത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ തുടങ്ങണമെന്ന ആവശ്യത്തിൽ കേരളത്തിലെ ആയുർവേദസംഘടനകൾക്കെല്ലാം ഒരേസ്വരമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ നിവേദനം നൽകിയിരുന്നു. വിശദമായ പ്രൊപ്പോസൽ കേന്ദ്ര ആയുഷ് മന്ത്രാലത്തിന് സമർപ്പിക്കണമെന്നും കേന്ദ്രബഡ്ജറ്റിൽ ഈ വിഷയം അവതരിപ്പിക്കണമെന്നും ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ ആവശ്യപ്പെട്ടു.

ജീവിതശൈലി

രോഗങ്ങളെന്ന മഹാമാരി

മനുഷ്യരാശിയുടെ വളർച്ചയ്ക്കും വികാസത്തിനും ശാസ്ത്രപുരോഗതിയ്ക്കും ഭാരതം നൽകിയ സംഭാവനകൾ ചരിത്രസത്യമാണ്. അടുത്ത കാലങ്ങളിലാണ് യോഗ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് സ്വീകാര്യത നേടിയെടുത്തത്. യോഗയുടെ ഗുണവശങ്ങളെ വ്യക്തമാക്കി അവതരിപ്പിച്ചതോടെ നിരവധി രാജ്യങ്ങളിൽ യോഗ ജീവിതത്തിന്റെ ഭാഗമായി. ജീവിതശൈലി രോഗങ്ങൾ കൊവിഡ് മഹാമാരിയേക്കാൾ ഭീകരമായിക്കൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയപ്പെട്ടു. കൊവിഡാനന്തര ലോകത്തെ വെല്ലുവിളിയും ജീവിതശൈലി രോഗങ്ങൾ തന്നെ. വൈറസുകളുടെ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഭൂമിയുള്ളിടത്തോളം ഈ കുഞ്ഞുഭീകരൻമാർ താണ്ഡവമാടിക്കൊണ്ടിരിക്കുമെന്നും ശാസ്ത്രലോകത്തിന് അറിയാം. അതുകൊണ്ടു തന്നെ പ്രതിരോധം മാത്രമാണ് നമ്മുടെ കൈയിലുളള ആയുധം. ശരീരത്തിന്റെ പ്രതിരോധക്കോട്ടയ്ക്ക് ശക്തിയും ആർജ്ജവവും പകരാൻ യോഗയും ആയുർവേദവും പരമ്പരാഗത ഭക്ഷണരീതികളും പ്രകൃതിചികിത്സാ മാർഗങ്ങളുമെല്ലാം നൽകുന്ന സംഭാവനകൾ ഏറെ ചർച്ചയാകുന്ന കാലം കൂടിയാണിത്.

കേരളത്തിൽ കൊവിഡ് പ്രതിരോധത്തിന് ആയുർവേദ ചികിത്സ നടത്താൻ ആദ്യം ഏറെ മടിച്ചു.

ആയുർവേദചികിത്സ കൊവിഡിന് ഫലപ്രദമാണെന്ന് സർക്കാരിന്റെ തന്നെ പഠനത്തിലൂടെ വ്യക്തമായിട്ടും കേരളത്തിൽ ചികിത്സാനുമതി ലഭിക്കാതിരുന്നത് 'കേരളകൗമുദി'യാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പൊതുസമൂഹം ഇത് ഏറ്റെടുത്തപ്പോൾ ആയുർവേദത്തിന്റെ സാദ്ധ്യതകൾ തെളിയുകയായിരുന്നു. അങ്ങനെ കൊവിഡ് രോഗികളിൽ അടക്കം ചികിത്സ നടത്തി ഫലസിദ്ധി ലോകത്തിനു മുന്നിൽ കാണിക്കാൻ കേരളത്തിന് കഴിഞ്ഞു.

അതുകൊണ്ടുണ്ടായ നേട്ടത്തിന് ഏറെ ആഴവും പരപ്പുമുണ്ട്. കേരളത്തിൽ ആയുർവേദചികിത്സ തേടിയവരിൽ നടത്തിയ പഠനം ലോകപ്രശസ്തമായ ഫ്രന്റിയേഴ്‌സ് ജേർണലിൽ പ്രസിദ്ധീകരിച്ചതോടെ, മറ്റ് രാജ്യങ്ങൾക്കും മാതൃകയാക്കാനുള്ള വഴിയാണ് തുറന്നത്. വുഹാനിൽ കൊവിഡ് സ്ഥിരീകരിച്ചതടക്കം ആദ്യം പുറത്തുവിട്ട ഈ ജേർണൽ, ആധികാരികതയിലും സമഗ്രതയിലും ആദ്യസ്ഥാനത്താണ്.

ഔഷധസസ്യങ്ങൾ കൂടുതൽ ഉത്പാദിപ്പിക്കുകയും ആയുർവേദ മരുന്ന് നിർമ്മാണത്തിന് ആവശ്യമായവയെല്ലാം അതിന്റെ എല്ലാ ഗുണങ്ങളോടെയും ലഭ്യമാക്കുകയും ചെയ്താൽ ഈ ചികിത്സാശാസ്ത്രത്തിന്റെ ഫലസിദ്ധി ഇതിലേറെ വ്യക്തമാകും.

ആയുർവേദത്തിന്റെ ആധികാരികത ശാസ്ത്രീയമായി തെളിയിക്കപ്പട്ട കേരളത്തിന്റെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മറ്റു രാജ്യങ്ങൾ പകർച്ചവ്യാധി പ്രതിരോധത്തിന് ആയുർവേദത്തെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്. പൊതു-സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ഒരു ചികിത്സാരീതിയുടെ ഫലസിദ്ധി കണ്ടെത്തുന്ന രീതി മറ്റു രാജ്യങ്ങളും സ്വാഭാവികമായും മാതൃകയാക്കും. അടിസ്ഥാനസൗകര്യം കുറഞ്ഞാലും സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ആയുർവേദം വിപുലമായി സ്വീകരിക്കപ്പെടുകയായിരുന്നു. രോഗപ്രതിരോധത്തിലും ആധുനികകാല രോഗങ്ങളെ നേരിടുന്നതിലും ആയുർവേദത്തിന്റെ പങ്ക് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.

മരുന്ന് നിർമ്മാണത്തിനു പോലും പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കുമെന്ന പോലെ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് ഉണ്ടാവരുത്. കാരണം കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. സസ്യലതാദികൾക്ക് വേരുറപ്പിക്കാൻ കേരളം പോലെ മറ്റൊരു നാടില്ല. പ്രളയവും വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനങ്ങളും ഗുരുതരമായി ബാധിക്കുമ്പോഴും പ്രതീക്ഷയുടെ കൈത്തിരികൾ കെട്ടുപോകാതെ സൂക്ഷിക്കാനാകണം. അതിന് ഭരണകൂടങ്ങളുടെ ജാഗ്രതവേണം, കരുതലും...