1

തൃശൂർ: പോരായ്മകളും പ്രാരാബ്ധങ്ങളും നിറഞ്ഞുനിന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മത്സരാർത്ഥികൾ തിളങ്ങിയപ്പോൾ മോശം പ്രകടനവുമായി സംഘാടകർ മങ്ങി. ഫലപ്രഖ്യാപനത്തിലെ കല്ലുകടിയും ശബ്ദക്രമീകരണത്തിലെ താളപ്പിഴകളും പതിവുപോലെ വൈകിത്തുടങ്ങിയ മത്സരങ്ങളും അപ്പീൽ കമ്മിറ്റി ഓഫീസ് തേടിയുള്ള നെട്ടോട്ടവുമെല്ലാം പ്രതിഷേധങ്ങൾക്കിടയാക്കി. ആദ്യദിവസം ഹൈസ്‌കൂൾ വിഭാഗം ഭരതനാട്യം ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി മത്സരാർത്ഥികളും രക്ഷിതാക്കളും വേദി കൈയേറി. ഫലപ്രഖ്യാപനത്തിൽ അപാകതകൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശ്‌നം. ഉദ്ഘാടനച്ചടങ്ങിൽ ക്ഷണിച്ചുവരുത്തിയ കലാകാരന്മാരെ പരിപാടി നടത്തുന്നതിനിടെ ഇറക്കിവിട്ടെന്നും ആരോപണമുണ്ടായി. ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തത്തിന് ജഡ്ജുമാരെത്തിയപ്പോൾ കാൽമുട്ടിനും പാദത്തിനും പരിക്കേറ്റ പെൺകുട്ടിയെയും എടുത്തുകൊണ്ട് അദ്ധ്യാപികയും കുട്ടികളും രക്ഷിതാക്കളും പ്രതിഷേധവുമായെത്തി. കഴിഞ്ഞദിവസത്തെ സംഘനൃത്തം കഴിയാൻ മണിക്കൂറുകൾ വൈകി. ഇതിനുശേഷം മഴയത്ത് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ അപകടത്തിൽപെട്ടാണ് മത്സരാർത്ഥിക്ക് പരിക്കേറ്റത്. പരിക്ക് സഹിച്ചും ഇന്നത്തെ നാടോടിനൃത്തം മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ കഴിഞ്ഞദിവസത്തെ ജഡ്ജുമാർ തന്നെയാണ് ഇന്നുമെന്ന് മനസിലായപ്പോഴാണ് പ്രതിഷേധിച്ചത്.