ചാലക്കുടി: നിർദ്ദിഷ്ട മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്തുകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണെന്ന് സനീഷ്‌കുമാർ ജോസഫ് എം. എൽ.എ.
കേരളത്തിൽ ആദ്യമായാണ് കിഫ്ബി നിർമ്മിതികൾക്കുള്ള നഷ്ടപരിഹാരത്തുക നൽകി ഭൂമി ഏറ്റെടുക്കുന്നത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നഷ്ടം സംഭവിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിന് കിഫ്ബി അനുവദിച്ച തുക ഇതിനകം കെ.ആർ.എഫ്.ബിക്ക് കൈമാറി. നഷ്ടപരിഹാരത്തിന് അർഹരായവരുടെ രേഖകൾ പരിശോധിക്കുന്ന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് തുക വിതരണം ചെയ്യും.
ജനപ്രതിനിധികൾ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ രേഖകൾ പരിശോധിക്കുന്ന നടപടികളും അന്തിമ ഘട്ടത്തിലാണെന്ന് എം.എൽ.എ പറഞ്ഞു.
നഷ്ടപരിഹാരത്തുക വിതരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ട. തുക വിതരണം ചെയ്യുന്നതിനെതിരെ നടക്കുന്ന കുപ്രചാരണം രാഷ്ട്രീയ പ്രേരിതമാണ്. ബന്ധപ്പെട്ട നടപടികൾ എത്രയും വേഗം പൂർത്തീകരിച്ച് തക വിതരണം നടത്താൻ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
- സനീഷ്‌കുമാർ ജോസഫ് എം.എൽ.എ