തൊട്ടിപ്പാൾ: ഭഗവതി ക്ഷേത്രത്തിലെ ആൽമരം മുറിച്ചപ്പോൾ ആൽത്തറയിൽ മണ്ണ് മൂടിപ്പോയ ഗണപതിവിഗ്രഹം കണ്ടെത്തി. കൂറ്റൻ ആൽമരത്തിന്റെ വേരുകൾക്കിടയിൽ മൂടിപ്പോയ കരിങ്കൽവിഗ്രഹത്തിന് ഒന്നരയടി ഉയരമുള്ള പീഠം ഉൾപ്പെടെ മൂന്നടി ഉയരമുണ്ട്. കാലപ്പഴക്കമേറെയുള്ള ആലിന്റെ വലിയ വേരുകളും മരക്കൊമ്പുകളും ക്ഷേത്രത്തിനും ചുറ്റുമതിലിനും ബലിക്കല്ലുകൾക്കും ഭീഷണിയായി തുടങ്ങിയതോടെ ആൽമരം മുറിക്കുന്നതിനുള്ള പണി നടന്നുവരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആലിന്റെ വേരുകളുടെ പടർപ്പിനുള്ളിൽ വിഗ്രഹം കണ്ടെത്തിയത്.
ഗണപതി വിഗ്രഹം കണ്ടതറിഞ്ഞ് കൊച്ചിൻ ദേവസ്വം ബോർഡ് അംഗം ശ്രീരാജ് ചുണ്ടാലത്ത്, ദേവസ്വം കമ്മിഷണർ സി. അനിൽകുമാർ, സെക്രട്ടറി പി. ബിജു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, അസിസ്റ്റന്റ് കമ്മിഷണർ എം.ആർ. മിനി, ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
മണ്ണ് നീക്കിയെടുത്ത വിഗ്രഹം യഥാവിധി പ്രതിഷ്ഠ നടത്തുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു.