ചാലക്കുടി: മാലിന്യം നിറഞ്ഞതോടെ ഒഴുക്ക് നിലച്ച് പള്ളിത്തോട്. നഗരഹൃദയത്തെ പ്രധാന ജലസ്രോതസിന്റെ ശോചനീയാവസ്ഥ കണ്ടിട്ടും മുഖം തിരിക്കുകയാണ് നഗരസഭ. തോട്ടിൽ പലയിടത്തും മാലിന്യം കുന്നുകൂടുകയാണ്. തോട് കടന്നുപോകുന്ന സ്ഥലങ്ങളിൽ രൂക്ഷമായ ദുർഗന്ധവുമുണ്ട്.
മാർക്കറ്റിലെ മത്സ്യമാംസ അവശിഷ്ടങ്ങളും പള്ളിത്തോടിൽ എത്തുന്നതായി ആരോപണമുണ്ട്. വലിയ ജലസ്രോതസായ പറയൻ തോടിലെത്തുന്ന അഴുക്കുവെള്ളം ചാലക്കുടിപ്പുഴയിലാണ് ഒടുവിൽ എത്തിച്ചേരുന്നത്. നഗരസഭാ ആരോഗ്യവിഭാഗം നിശ്ചലമായതാണ് പള്ളിത്തോടിൽ മാലിന്യം നിറയാൻ കാരണമെന്നാണ് ആരോപണം.
മാസങ്ങളായി പള്ളിത്തോട്ടിൽ ശുചീകരണം നടന്നിട്ടില്ല. കാട് നിറഞ്ഞ് പള്ളിത്തോടിന്റെ പലയിടങ്ങളും കാണാനാകാത്ത അവസ്ഥയിലാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ മാലിന്യങ്ങളും പള്ളിത്തോടിലേക്ക് തുറന്നുവിടുന്നുണ്ട്. എസ്.എച്ച് കോൺവെന്റ് റോഡിൽ പള്ളിത്തോടിന്റെ വശങ്ങളിലും റോഡിന്റെ ഇരുഭാഗത്തും മാലിന്യം തള്ളിയ നിലയിലാണ്.
എന്നാൽ നഗരസഭാ ആരോഗ്യവിഭാഗം മാലിന്യം നീക്കാനോ ശുചീകരിക്കുന്നതിനോ തയ്യാറാകുന്നില്ല. ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ പടരുമ്പോഴും പള്ളിത്തോട് ശുചീകരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. പള്ളിത്തോട്ടിലെ മാലിന്യം ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര കൗൺസിലർമാരായ വി.ജെ. ജോജി, ടി.ഡി. എലിസബത്ത് എന്നിവർ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി.