p-k-kunjalikutty

തൃശൂർ: വർഗീയതയും വിഭാഗീയതയും പടർന്ന് പന്തലിക്കുമ്പോൾ മതേതര, ജനാധിപത്യ ശക്തികളുടെ തിരിച്ചുവരവ് രാജ്യത്ത് അനിവാര്യമാണെന്നും, അതിന് കോൺഗ്രസ് നേതൃത്വം നൽകണമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുൻ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ 5-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഡി.സി.സി നടത്തിയ സി.എൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ തോൽവിയുണ്ടായെങ്കിലും ലഭിച്ച വോട്ടിന്റെ ശതമാനം പരിശോധിച്ചാൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസിലാകും. മത സാമുദായിക നേതാക്കന്മാരെ കാണാനും അവരെ ചേർത്ത് നിറുത്താനും സി.എൻ. ബാലകൃഷ്ണൻ നടത്തിയ ശ്രമം ഇന്നത്തെ കാലഘട്ടത്തിൽ പ്രസക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. തേറമ്പിൽ രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. തോമസ് ഉണ്ണിയാടൻ, എം.പി വിൻസെന്റ്, പി.എ. മാധവൻ, ഒ.അബ്ദുറഹിമാൻ കുട്ടി, ടി.വി.ചന്ദ്രമോഹൻ, എം.പി.ജാക്‌സൺ, തുടങ്ങിയവർ പങ്കെടുത്തു.