
തൃശൂർ: ലോകാരാഗ്യ സംഘടന ലോകത്ത് 16 ഭാഷകളിൽ തയ്യാറാക്കുന്ന ശ്രവണ-കാഴ്ച സഹായികളുൾപ്പെടെയുള്ള ഉപകരണങ്ങളുടെ പ്രവർത്തന-പരിശീലന രേഖ മലയാളത്തിൽ തയ്യാറാക്കുന്നതിന്റെ ചുമതല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന് (നിപ്മർ). ഇന്ത്യൻ ഭാഷകളിൽ മലയാളത്തെയാണ് തെരഞ്ഞെടുത്തത്. നിപ്മർ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി.ചന്ദ്രബാബുവിന്റെ നേതൃത്വത്തിലാണ് പാഠാവലി മലയാളത്തിൽ തയ്യാറാക്കുന്നത്. പൂർത്തിയായാലുടൻ ഈ രേഖ ഉപയോഗിച്ച് ആളൂർ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകും. ആളൂരിൽ ആവശ്യമായവരെ കണ്ടെത്തി ലോകാരോഗ്യ സംഘടനയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെ സഹായക ഉപകരണങ്ങൾ നൽകും. ഈ പൈലറ്റ് പദ്ധതിയിൽ നിന്നും ഉൾക്കൊള്ളുന്ന പാഠം ഇന്ത്യയിൽ ആകെ വ്യാപിപ്പിക്കാനാണ് ലോകാരോഗ്യ സംഘടനയും ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചും ലക്ഷ്യം വയ്ക്കുന്നത്.
പരിശീലനത്തിന് പാഠാവലി
കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ദൈനംദിന ആവശ്യം നിറവേറ്റുന്നതിന് ഇത്തരം ഉപകരണങ്ങൾ ആവശ്യമായി വരും. വീൽചെയർ, ക്രെച്ചസ്, ഊന്നുവടികൾ എന്നിവകൾക്കുപരി ചലന സഹായികൾ, ശ്രവണ സഹായികൾ, കാഴ്ച്ച സഹായികൾ, ഓർമ്മസഹായികൾ, പരിചരണ സഹായികൾ എന്നിങ്ങനെ വിവിധ തരം സഹായക ഉപകരണങ്ങൾ ലഭ്യമാണ്. ഇത്തരം ഉപകരണങ്ങളുടെ തെരഞ്ഞെടുപ്പ്, ഉപയോഗം, പരിശീലനം, പരിപാലനം എന്നിവ സംബന്ധിച്ച്, ആവശ്യക്കാർ, വിദഗ്ദ്ധർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകാനായി ഒരു സഹായക ഉപകരണ പരിശീലന പ്രവർത്തന രേഖ ഇംഗ്ലീഷ് ഭാഷയിൽ ലോകാരോഗ്യ സംഘടന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതാണ് അറബ്, നേപ്പാളി, മലയാളം ഉൾപ്പടെ വിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യുന്നത്.
സഹായക ഉപകരണങ്ങളുടെ ലോകം
വിവിധ സഹായക ഉപകരണങ്ങൾ ആവശ്യമുള്ളത്
2.5 ശതകോടി ജനങ്ങൾക്ക്
2050ൽ 3.5 ശതകോടി ആളുകൾ
(ലോകാരോഗ്യ സംഘടയുടെയും യൂണിസെഫിന്റെയും പഠനം).