പാവറട്ടി: കടലാമകളുടെ വരവിനായി കാത്തിരിക്കയാണ് ചാവക്കാട് കടൽ തീരം. നവംബർ അവസാനത്തോടെയാണ് കടലാമകൾ തീരത്ത് കൂടുവയ്ക്കാനെത്തുക. കടപ്പുറത്ത് പാലപ്പൂമണം പരക്കുകകയും കിഴക്കൻ കാറ്റ് വീശി തുടങ്ങുകയും ചെയ്യുന്നതോടെ കടപ്പുറത്തെ പഞ്ചാര മണൽ വരളുകയും കടലാമകൾക്ക് കൂടൊരുക്കാൻ പാകപ്പെടുകയും ചെയ്യും. കഴിഞ്ഞ വർഷം കൂടുവച്ച കടലാമകളല്ല ഈ വർഷം എത്തുക. ഒന്നിടവിട്ട വർഷങ്ങളിലേ റിഡ്‌ലി കടലാമകൾ കൂടു വക്കാനെത്തൂവെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഒക്ടോബർ, നവംബർ മാസങ്ങളിൽ വിശാലമായ കടൽ പരപ്പിൽ ഒറ്റയായും ജോഡികളായും കാണപ്പെടുന്ന കടലാമകൾ മഴ മാറി കടൽക്കാറ്റ് വീശുന്നതോടെ നിശബ്ദ രാത്രിയിൽ കരയിൽ നിന്ന് അമ്പതോളം ചുവടു മാറി പഞ്ചാര മണലിൽ കൂടു വയ്ക്കാനെത്തും. ഇവയ്ക്കൊപ്പം കടപ്പുറത്ത് കുറുനരികളുടെയും തെരുവു നായ്ക്കളുടെയും എണ്ണം കൂടുന്നുണ്ടെന്ന് കടലാമ സംരക്ഷകനും ഗ്രീൻ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടറും വനമിത്ര അവാർഡ് ജേതാവുമായ എൻ.ജെ. ജയിംസ് മാസ്റ്റർ പറയുന്നു. മഴ മാറാൻ വൈകുന്നതും കടലിൽ ഇടയ്ക്കിടെ ചുഴലി രൂപം കൊള്ളുന്നതും കടലാമകളുടെ വരവിനെ ബാധിക്കാറുണ്ടത്രെ.
കടലാമകളുടെ ചാവക്കാട് തീരം
തൃശൂർ ജില്ലയിൽ ഏറ്റവും വൃത്തിയുള്ളതും വീതിയേറിയതുമായ കടപ്പുറമാണ് ചാവക്കാട്ടെ കടൽ തീരം. മത്സ്യത്തൊഴിലാളികളുടെ സമൂഹവും പ്രദേശിക കൂട്ടായ്മകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജൈവവൈവിദ്ധ്യ സമിതികളും കടലാമ സംരക്ഷണ പ്രവർത്തനങ്ങളിൽ ജാഗരൂഗരാണ്. ചാവക്കാട് മേഖലയിൽ ഇരട്ടപ്പുഴ, പുത്തൻ കടപ്പുറം, മന്ദലാംകുന്ന് എന്നിവിടങ്ങളിൽ വനം വകുപ്പിന്റെ വന സംരക്ഷണ സമിതികൾ സജീവമാണ്. പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂർ, അകലാട് എന്നിവിടങ്ങളിൽ മഹാന്മാ ഇരട്ടപ്പുഴയും പുന്നയൂർകുളം പഞ്ചായത്തിന്റെ വിവിധയിടങ്ങളിലെ സന്നദ്ധ പ്രവർത്തകർക്ക് സോഷ്യൽ ഫോറസ്ട്രിയും പിന്തുണ നൽകുന്നുണ്ട്. ചിലയിടങ്ങളിൽ പഞ്ചായത്ത് ബി.എം.സികളും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
കടലാമകൾ
ഒലീവ്രിഡ്‌ലി, ഹാക്ക്‌സ് ബിൽ, ഗ്രീൻ ടർട്ടിൽ, ലോഗർ ഹെഡ് , ലെതർ ബാക്ക് എന്നീ അഞ്ചുതരം കടലാമകളെയാണ് കേരളതീരത്ത് കാണുന്നത്. 1972 ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെടുന്ന ജീവി വർഗമാണ് കടലാമകൾ. കേരള തീരത്ത് കാണപ്പെടുന്ന പ്രധാന വിഭാഗം ഒലീവ് റിഡ്‌ലി കടലാമകളാണ്. ഏകാദേശം 50 കിലോയോളം ഭാരമേ വരൂ. ഒരു കടലാമക്കൂട്ടിൽ 160 ഓളം മുട്ടകൾ നിക്ഷേപിക്കും. കടപ്പുറത്ത് പതിക്കുന്ന സൂര്യരശ്മിയുടെ ചൂടിന്റെ അളവനുസരിച്ച് 45 മുതൽ 55 ദിവസങ്ങൾക്കകം കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങും.