school

തൃശൂർ : റവന്യൂ ജില്ലാ കലോത്സവത്തിന്റെ സംഘാടനം, സംസ്ഥാന സ്‌കൂൾ കലോത്സവം വരെ മാതൃകാപരമായി നടത്തി പ്രശംസ പിടിച്ചു പറ്റിയ തൃശൂരിന്റെ പാരമ്പര്യത്തിന് നിറം കെടുത്തുന്ന വിധത്തിലുള്ളതെന്ന് ആക്ഷേപം. വിപുലമായി രൂപീകരിച്ച സംഘാടക സമിതിക്ക് പുറമേ പതിനേഴോളം വരുന്ന സബ് കമ്മിറ്റികളും ചേർന്നാണ് നാല് ദിവസത്തെ സ്‌കൂൾ കലാമേളയ്ക്ക് ചുക്കാൻ പിടിച്ചത്. എന്നാൽ ഏതാനും കമ്മിറ്റികൾ മാത്രമാണ് ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചത്.

നാലായിരത്തോളം വരുന്ന മത്സരാർത്ഥികൾക്ക് തൃപ്തി നൽകുന്നതായിരുന്നില്ല നാലു ദിവസത്തെ കലോത്സവം. മത്സരങ്ങളുടെ ക്രമീകരണം പോലും പരാജയപ്പെട്ടു. മത്സരാർത്ഥികൾ പലരും ഒരു മത്സരം കഴിഞ്ഞ് വിശ്രമമില്ലാതെ മേക്കപ്പ് അഴിച്ച് അടുത്ത മത്സരത്തിനുള്ള മേക്കപ്പ് അണിഞ്ഞ് നെട്ടോട്ടം ഓടി. മത്സരങ്ങളുടെ സമയക്രമം പൂർണമായും പാലിക്കാനായില്ല. പലതും പൂർത്തിയായത് പുലർച്ചെ നാലിനായിരുന്നു. പത്തും പന്ത്രണ്ടും മണിക്കൂറാണ് മുഖത്ത് മേക്കപ്പണിഞ്ഞ് മത്സരത്തിനായി കുട്ടികൾ കാത്തിരുന്നത്. കുട്ടികളെ വലയ്ക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ. പലയിടങ്ങളിലും വിധി നിർണയത്തെ ചൊല്ലിയുള്ള തർക്കങ്ങളും ശോഭ കെടുത്തി.

ജനപ്രതിനിധികളും ഇടപെട്ടില്ല

തുടക്കം മുതൽ സംഘാടക പിഴവ് പുറത്ത് വന്നിട്ടും ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടായില്ലെന്ന ആക്ഷേപവും ശക്തമാണ്. ഉദ്ഘാടന സമാപന സമ്മേളനങ്ങളിൽ ജില്ലയിലെ മുഴുവൻ എം.എൽ.എമാർക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുത്തത് രണ്ടോ മൂന്നോ പേർമാത്രം. സബ് കമ്മിറ്റികളുടെ ചെയർമാന്മാർ, ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവയിലെ ജനപ്രതിനിധികളായിരുന്നെങ്കിലും പലരും വല്ലപ്പോഴും വന്ന് തല കാണിച്ച് പോയി. ഇതുവരെ നടന്ന കലാമേളകളിൽ എല്ലാം തന്നെ സമാപന സമ്മേളനങ്ങൾക്ക് മുമ്പ് മത്സരങ്ങൾ പൂർത്തിയാകാറുണ്ടെങ്കിലും ഇത്തവണ രാത്രി ഏറെ വൈകിയാണ് എല്ലാ മത്സരങ്ങളും പൂർത്തീകരിച്ചത്.

അപ്പീൽ വന്നത് 186 എണ്ണം

നൂറിലേറെ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഇതിൽ 186 അപ്പീലാണ് ലഭിച്ചത്. സ്റ്റേജിതര മത്സരങ്ങൾ മുതൽ അപ്പീലുകളുടെ പ്രവാഹമായിരുന്നു. വിധി കർത്താക്കൾക്ക് നേരെ രൂക്ഷമായ ആരോപണം ഉന്നയിച്ചാണ് പലരും അപ്പീലുമായെത്തിയത്. വിധി നിർണയം നടത്തുന്നതിനേറെ ശ്രമകരമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് വിധികർത്താക്കൾ ചൂണ്ടിക്കാട്ടുന്നു.

ആസ്വാദകരും കുറവ്

ഉപജില്ലാ കലോത്സവങ്ങളിൽ വരെ ആസ്വാദകരുടെ ബാഹുല്യം ഏറെ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ ഒരിടത്തും മത്സരങ്ങൾ കാണുന്നതിന് വേണ്ടത്ര തിരക്കുണ്ടായിരുന്നില്ല. നാടകം, സംഘനൃത്തം, മറ്റ് നൃത്ത ഇനങ്ങൾ എന്നിവിടങ്ങളിലും സദസ് ശുഷ്‌കമായിരുന്നു.