arun

തൃശൂർ: കോവളം കടലിന്റെ അടിത്തട്ടിൽ നാളെ അക്ഷരച്ചെപ്പ് മിഴിതുറക്കും. കൂബ ഡെെവിംഗ് ഇൻസ്ട്രക്ടറും അക്വേറിയം സ്‌പെഷ്യലിസ്റ്റുമായ അരുൺ അലോഷ്യസിന്റെ (42) ആദ്യ പുസ്തകമായ 'പവിഴപ്പുറ്റുകൾ; കടലിലെ മഴക്കാടുകളാണ്" നാളെ രാവിലെ എട്ടിന് പ്രകാശനം ചെയ്യുക. ജെെവ വെെവിദ്ധ്യ ബോർഡ് ഗവേഷകയും തിരുവനന്തപുരം ഫ്രണ്ട്സ് ഒഫ് മറെെൻ ലെെഫ് കോ-ഓർഡിനേറ്ററുമായ അനീഷ അനി ബെനഡിക്ടാണ് പ്രകാശനം ചെയ്യുക.

കോവളം സ്‌കൂബ കൊച്ചിൻ ഡെെവ് സെന്റർ വിദ്യാർത്ഥികളായ റിസ്വാന റഫീക്ക്, ഗായത്രി ഗോപൻ, അവനി ബാലു എന്നിവർ കോപ്പി സ്വീകരിക്കും. പുറംചട്ട കാണുന്ന, വെള്ളം കടക്കാത്ത തരത്തിൽ സുതാര്യമായ പ്ളാസ്റ്റിക്കിലാകും പുസ്തകം പ്രകാശനം ചെയ്യുക. 15 മിനിറ്റുള്ള പരിപാടിയുടെ ദൃശ്യം ചാൾസ് ജോസും അരുണും പകർത്തും. തുടർന്ന് കരയ്ക്കെത്തി സെൻട്രൽ മറെെൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ബി. സന്തോഷിന് പുസ്തകം കെെമാറും. അദ്ദേഹം പുസ്തകപരിചയം നടത്തും. സ്കൂബ കൊച്ചിൻ ഡയറക്ടർ ജസ്റ്റിൻ ജോസാണ് കടലിനടിയിലെ പരിപാടി ഏകോപിപ്പിക്കുന്നത്. പ്രസാധകരായ തൃശൂർ 'സമത" മാനേജിംഗ് ട്രസ്റ്റി പ്രൊഫ. ടി.എ. ഉഷാകുമാരി പങ്കെടുക്കും.

 ഏഴ് വർഷത്തെ പവിഴപ്പുറ്റു പഠനം

ഫിഷറീസിൽ പി.ജിയുള്ള കൊല്ലം പെരിനാട് ഇഞ്ചവിള മൂലേക്കടയിൽ അരുൺ പവിഴപ്പുറ്റ് ഗവേഷകനും സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ അക്വേറിയം സ്പെഷ്യലിസ്റ്റുമാണ്. പഠനകാലത്താണ് സമുദ്രജീവികളെയും പവിഴപ്പുറ്റുകളെയും കാണാനും പഠിക്കാനും മോഹമുദിച്ചത്. ഇതിനിടെ സ്കൂബ ഡെെവിംഗും പഠിച്ചു. ഏഴ് വർഷമായി പവിഴപ്പുറ്റുകളെപ്പറ്റി പഠിക്കുന്നു. വിദേശത്ത് അക്വേറിയങ്ങളോട് അനുബന്ധിച്ച് പവിഴപ്പുറ്റുകൾ (കോറൽ നഴ്സറി) നിർമ്മിച്ചുകൊടുത്തിട്ടുമുണ്ട്. ഓസ്ട്രേലിയയിലും ഇന്തോനേഷ്യയിലുമുള്ള കോറൽഫാമുകളിൽ നിന്നാണ് ഇതിനുള്ള സാമഗ്രികളെത്തിക്കുന്നത്. ഭാര്യ: ഡോ. അനില. മക്കൾ: അലേന (എട്ട്), അമേഘ (അഞ്ച്).

'പവിഴപ്പുറ്റിന്റെ സംരക്ഷണത്തിന് അധികൃതരുടെയും മറ്റും ശ്രദ്ധയാകർഷിക്കാനാണ് പ്രകാശനം പുതുമയുള്ളതാക്കിയത്".

-അരുൺ